മാൻസ: പ്രശസ്ത പഞ്ചാബി സംഗീതജ്ഞൻ സിദ്ദു മൂസെവാലക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജന്മനാടായ മാൻസ ജില്ലയിലെ മൂസ ഗ്രാമത്തിലാണ് മൃതദേഹം സംസ്കരിച്ചത്. രാജസ്ഥാൻ, പഞ്ചാബ്, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ നിന്നും അനേകം പേർ അന്തിമോപചാരമർപ്പിക്കാനെത്തി.
സംസ്കാര ചടങ്ങിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ പങ്കെടുത്തു. സിദ്ദു മൂസെവാല അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആം ആദ്മി പാർട്ടിയുടെ വിജയ് സിംഗ്ലയോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈകോടതി സിറ്റിങ് ജഡ്ജിനെ കമീഷനായി നിയോഗിച്ചതായി മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി. ഞായറാഴ്ചയാണ് സിദ്ദു മൂസെവാല വെടിയേറ്റുമരിച്ചത്. ഇതിനിടെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് മറ്റൊരു പഞ്ചാബി ഗായകൻ രംഗത്തെത്തി.
31കാരനായ മാൻകീർത്ത് ഔലാഖാണ് പഞ്ചാബ് പൊലീസിനോട് സുരക്ഷ അഭ്യർഥിച്ചിരിക്കുന്നത്. ദാവീന്ദർ ബാംബിയ ഗുണ്ട സംഘത്തിൽനിന്ന് ജീവന് ഭീഷണിയുണ്ടെന്നാണ് മാൻകീർത്തിന്‍റെ വെളിപ്പെടുത്തൽ. സിദ്ദു മൂസെവാലയെ വെടിവെച്ച് കൊന്നത് കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ ആണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പഞ്ചാബിലെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമാണ് ഗോൾഡി ബ്രാർ.
ലോറൻസ് ബിഷ്ണോയിയുടെ പ്രധാന എതിരാളികളാണ് ദാവീന്ദർ ബാംബിയ ഗുണ്ടാസംഘം. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പഞ്ചാബ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.