ഇംഫാൽ: മെഗാ റാലികളും റോഡ് ഷോകളും പോയിട്ട് ഏതെങ്കിലുമൊരു സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ പോലുമില്ല മണിപ്പൂരിൽ. കലാപം തകർത്ത മണിപ്പൂരിൽ, അകമേ അസ്വസ്ഥമാണെങ്കിലും പുറമേക്ക് സർവം നിശ്ശബ്ദം. ഏപ്രിൽ 19നും 26നുമാണ് മണിപ്പൂരിൽ വോട്ടെടുപ്പ്. രണ്ടാഴ്ച അവശേഷിക്കവെ, ഒരു പാർട്ടിയും സജീവ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഇനിയും രംഗത്തിറങ്ങിയിട്ടില്ല. ആകെ മേഖലയിൽ കാണാവുന്നത്, വോട്ട് ചെയ്യാൻ അഭ്യർഥിച്ചുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ചില പോസ്റ്ററുകൾ മാത്രം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർ മണിപ്പൂരിൽ പ്രചാരണത്തിനിറങ്ങുമെന്ന് എൻ.ഡി.എ നേതൃത്വം പ്രഖ്യാപിച്ചിരുന്നുവെങ്കിലും പ്രധാനപ്പെട്ട ഒരു നേതാവും ഇവിടെ എത്തിയിട്ടില്ല. ഇൻഡ്യ മുന്നണിയുടെ കാര്യവും ഇതുതന്നെ. സോണിയ അടക്കമുള്ള നേതാക്കളെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസാന നിമിഷം തെരഞ്ഞെടുപ്പ് റാലികൾ മാറ്റിവെച്ചു.
കലാപത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ പ്രത്യേകമായ നിയന്ത്രണമൊന്നും തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയിരുന്നില്ല. പെരുമാറ്റച്ചട്ട ലംഘനമല്ലാത്ത ഏതുതരം പ്രചാരണവും അനുവദനീയമാണ്. അതേസമയം, സംഘർഷ സാധ്യതയുള്ളതിനാൽ പ്രകോപനപരമായ ചെറിയ നീക്കങ്ങൾപോലും പാടില്ലെന്ന് പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളെ കമീഷൻ അറിയിച്ചിരുന്നു. ഇത് മുഖവിലക്കെടുത്ത പാർട്ടിനേതൃത്വം ഇക്കാര്യത്തിൽ സമവായത്തിലെത്തുകയായിരുന്നു. ബി.ജെ.പി, കോൺഗ്രസ്, റിപ്പബ്ലിക്കൻ പാർട്ടി, നാഗാ പീപ്ൾസ് ഫ്രണ്ട് എന്നീ പാർട്ടികളുടെ സ്ഥാനാർഥികളാണ് മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും മത്സരിക്കുന്നത്.
മണിപ്പൂർ പീപ്ൾസ് പാർട്ടിയുടെ പിന്തുണ റിപ്പബ്ലിക്കൻ സ്ഥാനാർഥിക്കാണ്. തെരഞ്ഞെടുപ്പ് റാലികളും പോസ്റ്ററുകളുമെല്ലാം ഒഴിവാക്കാൻ ഈ പാർട്ടികൾ ചേർന്നുതന്നെയാണ് തീരുമാനിച്ചതത്രെ. പകരം, നിശ്ചിത ആളുകളെ നിയോഗിച്ച് വീടുവീടാന്തരമുള്ള കാമ്പയിനിൽ വോട്ടുപിടിത്തം അവസാനിപ്പിച്ചു. ചില സ്ഥാനാർഥികൾ കുടുംബ യോഗങ്ങളും സംഘടിപ്പിച്ചു.
കഴിഞ്ഞ മേയിൽ മണിപ്പൂരിൽ ആരംഭിച്ച കലാപത്തിൽ 200ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്; അര ലക്ഷത്തിലേറെ പേർ ആഭ്യന്തര പലായനത്തിന് വിധേയരാവുകയും ചെയ്തു. പലായനം ചെയ്യപ്പെട്ടവർക്ക് വോട്ടുചെയ്യാൻ കമീഷൻ പ്രത്യേകം ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. ക്യാമ്പുകളിലും മറ്റും വോട്ടിങ് സൗകര്യം ഒരുക്കുമെന്നാണ് കമീഷൻ വാഗ്ദാനമെങ്കിലും ഇത് എത്രകണ്ട് പ്രായോഗികമാണെന്ന കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കിടയിൽതന്നെ ആശങ്കയുണ്ട്. ക്യാമ്പിലുള്ള വോട്ടർമാരെ ഇനിയും സന്ദർശിക്കാൻ സ്ഥാനാർഥികൾക്കായിട്ടില്ല.
ഇതിനിടയിൽ, സംസ്ഥാനത്തെ കുക്കി വിഭാഗങ്ങളിൽ ചില ഗ്രൂപ്പുകൾ തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനവും നടത്തിയിട്ടുണ്ട്.
മണിപ്പൂരിൽ രണ്ട് സീറ്റിലും കോൺഗ്രസ് മത്സരിക്കുന്നുണ്ട്. ഒരിടത്ത് ബി.ജെ.പിയും രണ്ടാം മണ്ഡലത്തിൽ നാഗാ പീപ്ൾസ് പാർട്ടിയുമാണ് കോൺഗ്രസിന്റെ എതിരാളികൾ. കോൺഗ്രസ്-ബി.ജെ.പി പോര് നടക്കുന്ന ഇന്നർ മണിപ്പൂർ മണ്ഡലമാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ, നിയമകാര്യ മന്ത്രി ബസന്തകുമാർ സിങ് ആണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. ചലച്ചിത്രകാരനും ജെ.എൻ.യു പ്രഫസറുമായ അംഗോംച ബിമൽ അകോയ്ജമിനെയാണ് കോൺഗ്രസ് നിർത്തിയിരിക്കുന്നത്. വിവിധ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഇരു കക്ഷികൾക്കും തുല്യസാധ്യതയാണ് മണിപ്പൂരിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.