രാജ്യത്ത് സ്ത്രീ ശാക്തീകരണവും സുരക്ഷയും ഉറപ്പാക്കുമെന്ന ബി.ജെ.പിയുടെ വാ​ഗ്ദാനം പൊള്ളയാണ് - അസദുദ്ദീൻ ഉവൈസി

ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സം​ഗക്കേസ് പ്രതികളെ വെറുതെ വിട്ട ​ഗുജറാത്ത് സർക്കാർ നടപടിക്ക് എതിരായ സുപ്രീം കോടതി വിധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി എം.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. വിധി സ്വാ​ഗതം ചെയ്യുന്നുവെന്നും രാജ്യത്ത് സ്ത്രീ ശാക്തീകരണവും സുരക്ഷയും ഉറപ്പാക്കുമെന്ന ബി.ജെ.പിയുടെ വാ​ഗ്ദാനം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ബലാത്സം​ഗക്കേസ് പ്രതികളെ സംരക്ഷിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുപ്രീം കോടതി വിധി സ്വാ​ഗതം ചെയ്യുന്നു. ഈ വിധി സ്ത്രീകൾക്കെതിരെ അക്രമം അഴിച്ചുവിടുന്നവർക്കുള്ള ഒരു ഏർമപ്പെടുത്തലാകുമെന്ന് വിശ്വസിക്കുന്നു. പ്രധാനമന്ത്രി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കുന്നത് വെറും പൊള്ളയാണ്. അവർ ബിൽക്കീസ് ബാനുവിന്റെ പീഢകർക്കൊപ്പമാണ് നിൽക്കുന്നത്. കേന്ദ്രസർക്കാരും ​ഗുജറാത്ത് സർ‍ക്കാരും പ്രതികളെ വെറുതെ വിട്ടയക്കുന്നതിലേക്ക് സഹായിച്ചിരുന്നു. ഇരു കക്ഷികളും ബിൽക്കീസ് ബാനുവിനോട് മാപ്പ് പറയണം, ഉവൈസി പറഞ്ഞു.

പ്രതികളെ വിട്ടയച്ച് ആദ്യ ദിവസം മുതൽ സർക്കാരും ബി.ജെ.പിയും പ്രതികൾക്കൊപ്പമാണെന്ന് താൻ പറഞ്ഞിരുന്നുവെന്നും ബിൽക്കീസ് ബാനുവിന്റെ ധൈര്യവും പോരാട്ടവീര്യവുമാണ് പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബിൽക്കീസ് ബാനുവിനെ സംരക്ഷിക്കാൻ സാധിക്കാത്ത അതേ സർക്കാരാണ് ബാനുവിനെ പീഡിപ്പിക്കുകയും അവളുടെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പ്രതികളെ വെറുതെവിട്ടതെന്നും ഉവൈസി കൂട്ടിച്ചേർത്തു.

2002ലായിരുന്നു കേസിനാസ്പദമായ സംഭവം. 2002ലെ ​ഗുജറാത്ത് കലാപത്തിനിടെയായിരുന്നു അന്ന് ബിൽക്കീസ് ബാനു എന്ന 21കാരി അതിക്രൂരമായി കൂട്ടബലാത്സം​ഗം ചെയ്യപ്പെടുന്നത്. അഞ്ച് മാസം ​ഗർഭിണിയായ ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്ത പ്രതികളെ ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിനെ കുടുംബത്തിന്റെ മുന്നിൽവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ബാനുവിന്റെ കുടുംബത്തിലെ നിരവധി പേർ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. ബാനു മരിച്ചെന്ന് കരുതിയായിരുന്നു പ്രതികൾ സ്ഥലം വിട്ടത്. പിന്നീട് കുടുംബം കേസ് നടത്തുകയായിരുന്നു.

2008ൽ കേസ് സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് സി.ബി.ഐക്ക് കൈമാറി. അന്വേഷണത്തിൽ 11 പേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

സി.ബി.ഐ കോടതി 11 വർഷത്തെ ജീവപര്യന്തത്തിന് ശിക്ഷിച്ച പ്രതികളെ 2022ലാണ് ​ഗുജറാത്ത് സർക്കാർ വെറുതെവിടുന്നത്. ജയിലിലെ നല്ല നടപ്പ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടിയെന്നായിരുന്നു ​ഗുജറാത്ത് സർക്കാരിന്റെ വിശദീകരണവും. 

Tags:    
News Summary - Asaduddin Owaisi slams BJP and Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.