ഹൈദരാബാദ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ ഇ.വി.എം അട്ടിമറി ആരോപിച്ച കോൺഗ്രസിനെ പരിഹസിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തൽ എളുപ്പമാണെന്നും നിങ്ങൾ ജയിക്കുമ്പോൾ ഇ.വി.എം ശരിയും തോൽക്കുമ്പോൾ തെറ്റും ആകുന്നതെങ്ങനെയെന്നും ഉവൈസി ചോദിച്ചു. പ്രതികൂലമായ പല ഘടകങ്ങളും കണക്കിലെടുക്കുമ്പോൾ ബി.ജെ.പി തെരഞ്ഞെടുപ്പിൽ പരാജയപ്പെടേണ്ടതായിരുന്നു. ഭരണവിരുദ്ധ വികാരം ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും കോൺഗ്രസിലെ ആഭ്യന്തര കലഹമാണ് ബി.ജെ.പിക്ക് കാര്യങ്ങൾ അനുകൂലമാക്കിയതെന്നും ഉവൈസി കൂട്ടിച്ചേർത്തു.
‘ഇ.വി.എമ്മുകളെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. നിങ്ങൾ ഇ.വി.എമ്മുകൾ കാരണം വിജയിക്കുന്നു, തോൽക്കുമ്പോൾ അത് തെറ്റാണെന്ന് പറയുന്നു. ബി.ജെ.പിക്ക് ഈ സംസ്ഥാനം നഷ്ടപ്പെടണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. അവർക്കെതിരായി പല ഘടകങ്ങളും ഉണ്ടായിരുന്നു. 10 വർഷത്തെ ഭരണവിരുദ്ധ വികാരം കോൺഗ്രസ് മുതലെടുക്കണമായിരുന്നു. എന്നാൽ, അവരുടെ ആഭ്യന്തര ഭിന്നത കാരണം ബി.ജെ.പിക്ക് നേട്ടമുണ്ടായി. ഒരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിങ്ങൾ ബി.ജെ.പിക്ക് ഒരു ചെറിയ അവസരം നൽകിയാൽ അവരത് മുതലാക്കും. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം, വെറുപ്പ് പ്രചരിപ്പിക്കലാണ് ബി.ജെ.പിയുടെ വിജയം എന്ന് അവകാശപ്പെടുന്നത് തെറ്റാണെന്ന് ഞാൻ പറഞ്ഞിരുന്നു. ബി.ജെ.പിയെ പരാജയപ്പെടുത്താൻ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് സുവർണാവസരം ലഭിച്ചു, പക്ഷേ നിങ്ങൾ അതിൽ പരാജയപ്പെട്ടു’ -എന്നിങ്ങനെയായിരുന്നു ഉവൈസിയുടെ വാക്കുകൾ.
90 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾ ബി.ജെ.പിക്ക് 48ഉം കോൺഗ്രസിന് 37ഉം സീറ്റാണ് ലഭിച്ചത്. ഇന്ത്യൻ നാഷനൽ ലോക്ദളിന്റെ രണ്ട് സ്ഥാനാർഥികളും മൂന്ന് സ്വതന്ത്രരും ജയിച്ചുകയറി. ബി.ജെ.പിയുടെ വിജയം കൃത്രിമമാണെന്നും ഫലം അംഗീകരിക്കാനാകില്ലെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ ജയ്റാം രമേശ്, പവൻഖേര എന്നിവർ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.