ന്യൂഡൽഹി: വിമത പ്രതിസന്ധി മറികടന്നതിനു പിന്നാലെ രാജസ്ഥാൻ നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അനായാസ വിജയം. സചിൻ പൈലറ്റും ഒപ്പം നിന്നവരും കൂടി പിന്തുണച്ചതോടെ 200 അംഗ സഭയിൽ ഭരണപക്ഷത്തിന് 125 വോട്ട് ലഭിച്ചു. ഇതോടെ ഇനി ചുരുങ്ങിയത് ആറു മാസത്തേക്ക് ഗെഹ്ലോട്ട് സർക്കാറിന് പ്രതിസന്ധിയില്ല. വിശ്വാസ വോട്ടെടുപ്പിെൻറ പശ്ചാത്തലത്തിൽ അവിശ്വാസ പ്രമേയത്തിൽനിന്ന് പിന്മാറിയ ബി.ജെ.പിക്ക് 75 വോട്ടു മാത്രം. പാർട്ടി വിപ്പ് ലംഘിച്ച് ആറ് ബി.എസ്.പി അംഗങ്ങൾ ഗെഹ്ലോട്ടിന് വോട്ടു ചെയ്തു. ഇവരെ അയോഗ്യരാക്കുന്ന വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ കഴിഞ്ഞദിവസം സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
പ്രതിസന്ധി നീങ്ങിയതിെൻറ ആശ്വാസ മുഖത്തോടെയാണ് ഭരണപക്ഷം നിയമസഭയിൽ എത്തിയത്. സചിൻ പൈലറ്റും സംഘവും ഇല്ലെങ്കിൽകൂടി 102 വോട്ടു നേടാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രതിസന്ധി ഘട്ടത്തിൽ ഗെഹ്ലോട്ട് പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ഉപമുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ട സചിൻ പൈലറ്റിന് കിട്ടിയ പുതിയ ഇരിപ്പിടം സഭക്കുള്ളിൽ ചർച്ചകൾക്ക് വഴിവെച്ചു. രണ്ടാംനിരയിൽ പ്രതിപക്ഷത്തോടുചേർന്ന സീറ്റാണ് സചിന് കിട്ടിയത്. തന്നെ അതിർത്തിയിലേക്ക് അയച്ചിരിക്കുകയാണെന്നും ധീരന്മാരും ശക്തന്മാരുമായ പോരാളികളെയാണ് അതിർത്തിയിലേക്ക് നിയോഗിക്കുന്നതെന്നുമായിരുന്നു സചിൻ സഭയിൽ ഇതേക്കുറിച്ച് പറഞ്ഞത്.സചിൻ വിമതവേഷം കെട്ടിയപ്പോൾ, ബി.ജെ.പിയുടെ പിന്തുണ അദ്ദേഹത്തിന് കിട്ടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഗെഹ്ലോട്ട് അടിക്കടി ആവർത്തിച്ചിരുന്നു. സംശയങ്ങൾക്കെല്ലാം ഇപ്പോൾ വിരാമമായെന്നും എല്ലാ വിഷയങ്ങൾക്കും രൂപരേഖ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ ഇടപെടലിനെ തുടർന്നാണ് ഒരു മാസം നീണ്ട പ്രതിസന്ധികൾക്കൊടുവിൽ സചിൻ പൈലറ്റ് കോൺഗ്രസ് കൂടാരത്തിൽ തിരിച്ചെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.