'കശ്മീർ ഫയൽസി'നെ അശ്ലീല ചിത്രമെന്ന് വിളിച്ചതിനെതിരെ നിർമാതാവ്: 'ബിജെപി സർക്കാറിന്റെ മൂക്കിന് താഴെ പണ്ഡിറ്റുകളെ അപമാനിച്ചു'

ന്യൂഡൽഹി: വിവാദ ബോളിവുഡ് ചിത്രം 'ദ കശ്മീർ ഫയൽസ്' അശ്ലീലവും പ്രൊപഗൻഡയുമാണെന്ന ഇസ്രയേലി സംവിധായകൻ നദവ് ലാപിഡിന്റെ വിമർശനത്തിനെതിരെ സിനിമ നിർമാതാവ് അശോക് പണ്ഡിറ്റ്. ബിജെപി സർക്കാറിന്റെ മൂക്കിന് താഴെയിരുന്നാണ് നദവ് ലാപിഡ് ഏഴുലക്ഷം പണ്ഡിറ്റുകളെ അപമാനിച്ചതെന്നും ഇത് ചലച്ചിത്ര മേളക്ക് അപമാനകരമാണെന്നും അ​ദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഗോവയിൽ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലാണ് (IFFI) വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീർ ഫയൽസി'നെതിരെ ജൂറി തലവനും ഇസ്രയേലി സംവിധായകനുമായ നദവ് ലാപിഡ് തുറന്നടിച്ചത്. ചിത്രത്തെ അശ്ലീലമെന്നും 'പ്രൊപഗൻഡ'യെന്നും വിശേഷിപ്പിച്ച അദ്ദേഹം, സിനിമ കണ്ട് ജൂറി അസ്വസ്ഥരായെന്നും ചടങ്ങിൽ തുറന്നു പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനെ വേദിയിലിരുത്തിയായിരുന്നു പരസ്യവിമർശനം.

Full View

ലാപിഡിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും അന്താരാഷ്ട്രമാധ്യമങ്ങളടക്കം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ചിത്രത്തിന്റെ നിർമാതാവായ അശോക് പണ്ഡിറ്റ് രംഗത്തുവന്നത്. നദവ് ലാപിഡിനെ ജൂറി അംഗമായി തെരഞ്ഞെടുത്തതിൽ പണ്ഡിറ്റ് അതൃപ്തി അറിയിച്ചു. 'കശ്മീർ ഫയൽസിനെ അശ്ലീല ചിത്രമെന്ന് വിളിച്ച് തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവ് നദവ് ലാപിഡ് പരിഹസിച്ചു. ബിജെപി സർക്കാരിന്റെ മൂക്കിന് താഴെയിരുന്നാണ് 7 ലക്ഷം കശ്മീരി പണ്ഡിറ്റുകളെ അദ്ദേഹം അപമാനിച്ചത്. ഗോവയിലെ ചലച്ചിത്രമേളയുടെ വിശ്വാസ്യതക്ക് ഇത് വലിയ തിരിച്ചടിയാണ്. ലജ്ജാകരം' -എന്നായിരുന്നു പണ്ഡിറ്റിന്റെ ട്വിറ്ററിലൂടെയുള്ള പ്രതികരണം.

ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം, നവംബർ 22-നാണ് ഗോവ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചത്. ചിത്രത്തിൽ അഭിനയിച്ച അനുപം ഖേറും പ്രദർശനത്തിൽ പങ്കെടുത്തിരുന്നു. "മേളയിൽ വൈവിധ്യവും സങ്കീർണവും സമ്പന്നവുമായ സിനിമകൾ ഒരുക്കിയതിന് ഫെസ്റ്റിവൽ തലവനും പ്രോഗ്രാമിംഗ് ഡയറക്ടർക്കും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. തീവ്രമായ അനുഭവമായിരുന്നു മേള. അരങ്ങേറ്റ മത്സരത്തിൽ ഏഴ് സിനിമകളും അന്താരാഷ്ട്ര മത്സരത്തിൽ 15 സിനിമകളും കണ്ടു. അവയിൽ 14 എണ്ണത്തിന് സിനിമാറ്റിക് ഗുണങ്ങളും ദോഷങ്ങളും ഒക്കെ ഉണ്ടായിരുന്നു. എന്നാൽ, 15-ാമത്തെ ചിത്രമായ കശ്മീർ ഫയൽസ് എന്ന സിനിമ ഞങ്ങളെ എല്ലാവരെയും (ജൂറി) ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തു. ഇത്തരമൊരു അഭിമാനകരമായ ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിന് അനുചിതമായ തരത്തിലുള്ള ഒരു കുപ്രചരണ, അശ്ലീല സിനിമയായി അതിനെ ഞങ്ങൾക്ക് തോന്നി. ഫെസ്റ്റിവലിൽ വിമർശനാത്മകമായ ചർച്ചകൾ സ്വീകാര്യമായതിനാൽ എന്റെ അതൃപ്തി നിങ്ങളുമായി തുറന്നു പങ്കിടുന്നു" -ലാപിഡ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ഇന്ത്യയിലെ തിയറ്ററുകളിൽ നിന്ന് വലിയ കളക്ഷൻ നേടിയ 'ദ കശ്മീർ ഫയൽസ്' ഇറങ്ങിയത് മുതൽ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ചിത്രത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിനെതിരെയും വിശമർനമുയർന്നിരുന്നു. മാർച്ച് 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ തുടങ്ങിയവരാണ് ദ കശ്മീർ ഫയൽസിലെ പ്രധാനകഥാപാത്രങ്ങൾ.

1989-1990കളിൽ കശ്മീരിൽനിന്നും പലായനം ചെയ്യേണ്ടിവന്ന കശ്മീരി പണ്ഡിറ്റുകളു​ടെ യഥാർഥ കഥ പറയുന്ന ചിത്രം എന്നായിരുന്നു സിനിമയുടെ അണിയറ പ്രവർത്തകരുടെ വാദം. സിനിമ റിലീസ് ആയതിന് പിന്നാലെ ഹിന്ദുത്വ കേന്ദ്രങ്ങളിൽനിന്നും അതിഭയങ്കരമായ പിന്തുണയാണ് സിനിമക്ക് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ചിത്രം കാണാൻ ആഹ്വാനവുമായി എത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ടാക്‌സ് ഇളവുകള്‍ നൽകിയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാൻ അവധികള്‍ നൽകിയും വിദ്വേശ പ്രചരണത്തിന് ബി.ജെ.പി കൂട്ടുനിൽക്കുന്ന കാഴ്ചയായിരുന്നു.

സിനിമയിലെ സംഭവങ്ങൾ സംബന്ധിച്ച് പൊടിപ്പും തൊങ്ങലുംവെച്ച കഥകൾ രാജ്യത്ത് പ്രചരിച്ചു. ഹരിദ്വാർ ധർമ സൻസദിൽ മുഴങ്ങിയതിനേക്കാൾ വലിയ മുസ്‍ലിം വംശഹത്യാ ആഹ്വാനങ്ങൾ സിനിമ കണ്ടിറങ്ങിയവർ തിയറ്ററുകളിൽ മുഴക്കുന്നതിനും രാജ്യം സാക്ഷിയായി. 'നമ്മൾ ഈ സിനിമ കണ്ടിരിക്കുന്ന സമയത്തുപോലും മുസ്‍ലിംകൾ അവരുടെ വീട്ടുകളിൽ വംശവർധനവ് നടത്തിക്കൊണ്ടിരിക്കുകയാണെന്നും എല്ലാത്തിനേയും അവസാനിപ്പിക്കണമെന്നും' സിനിമ കണ്ടിറങ്ങിയ ഒരു ഹിന്ദുത്വ പ്രവർത്തകൻ അലറിവിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

പ്രദർശനവിജയം നേടിക്കൊണ്ടിരിക്കവേ, മതേതര വിശ്വാസികളായ കശ്മീരി പണ്ഡിറ്റുകൾ അടക്കം സിനിമക്കെതിരെ രംഗത്തുവരികയുണ്ടായി. ഞങ്ങളുടെ ദുരിത ജീവിതത്തിന് കാരണക്കാരായവർ തന്നെയാണ് ഇപ്പോൾ സിനിമക്ക് വേണ്ടിയും രംഗത്തെത്തിയിരിക്കുന്നതെന്ന് പണ്ഡിറ്റുകൾ അന്ന് പറഞ്ഞിരുന്നു.

Tags:    
News Summary - ASHOKE PANDIT CRITICISES NADAV LAPID

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.