അമരാവതി: കോൺഗ്രസ് അധ്യക്ഷനായി മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ തെരഞ്ഞെടുത്തിരിക്കുന്നു. വർഷങ്ങളുടെ ഇടവേളയിൽ നടന്ന തെരഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ വലിയ ഭൂരിപക്ഷത്തിനാണ് നെഹ്റു കുടുംബത്തിന്‍റെ ആശീർവാദമുള്ള ഖാർഗെ വിജയിച്ചത്. ഖാർഗെ 7897 വോട്ട് നേടിയപ്പോൾ ശശി തരൂരിന് 1072 വോട്ട് മാത്രമാണ് നേടാനായത്.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഉറപ്പിച്ചതോടെയാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാളെ അധ്യക്ഷനായി തെരഞ്ഞെടുക്കേണ്ടിവന്നത്. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ പലനേതാക്കളും സമ്മർദം ചെലുത്തിയിട്ടും പി.സി.സികൾ പ്രമേയം പാസാക്കിയിട്ടും രാഹുൽ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച ഭാരത് ജോഡോ യാത്രയിലാണ് രാഹുൽ ഗാന്ധി. ആന്ധ്രപ്രദേശിലൂടെയാണ് ഭാരജ് ജോഡോ യാത്ര നിലവിൽ പര്യടനം നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിൽ എന്തായിരിക്കും താങ്കളുടെ റോൾ എന്ന് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ചോദിച്ചു. 'എന്‍റെ റോൾ എന്താണെന്ന് പുതിയ അധ്യക്ഷൻ തീരുമാനിക്കും. അധ്യക്ഷനാണ് പരമാധികാരം. നിങ്ങൾ ഖാർഗെ ജിയോടും സോണിയ ജിയോടും ചോദിക്കൂ' -എന്നായിരുന്നു രാഹുലിന്‍റെ മറുപടി.
എല്ലാവരും കോൺഗ്രസ് തെരഞ്ഞെടുപ്പിനെ കുറിച്ചാണ് ചോദിക്കുന്നത്. കോൺഗ്രസിന് തുറന്നതും സുതാര്യവുമായ ഒരു തെരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞുവെന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്തുകൊണ്ടാണ് മറ്റുപാർട്ടികളിൽ, ബി.ജെ.പിയിലും മറ്റ് പ്രാദേശിക കക്ഷികളിലും, സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതെന്ന് നിങ്ങൾ ചോദിക്കുന്നുണ്ടോ -രാഹുൽ ഗാന്ധി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.