ഗുവാഹതി: അസം നിയമസഭയിൽ പാസാക്കിയ ഗോവധ നിരോധന നിയമപ്രകാരമുള്ള പരമാവധി ശിക്ഷ എട്ട് വർഷം വരെ തടവും അഞ്ച് ലക്ഷം വരെ പിഴയും. അറവ് നിയന്ത്രണം, മാംസ ഉപയോഗം, ഇറച്ചി കടത്തൽ, അനുമതി കൂടാതെയുള്ള കശാപ്പ് എന്നിവക്കൊക്കെ പിഴ കുത്തനെ കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ബിൽ പാസാക്കിയത്.
പ്രതിപക്ഷ പ്രതിഷേധം വകവെക്കാതെയാണ് അസം നിയമസഭ ഗോവധ നിരോധന ബിൽ പാസാക്കിയത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ അവർ സഭ വിട്ടു. തുടർന്നാണ് ബിൽ പാസാക്കിയത്.
ഹിന്ദു, ജൈന, സിഖ് തുടങ്ങി ബീഫ് കഴിക്കാത്ത ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിൽ കശാപ്പിനും മാംസവ്യാപാരത്തിനും നിരോധനം ഏർപ്പെടുത്തി. ഹൈന്ദവ ക്ഷേത്രങ്ങൾക്കും സത്രങ്ങൾക്കും അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിരോധനം ബാധകമാക്കി.
അസം ഗോസംരക്ഷണ ബിൽ, 2021 പാസായതായി സ്പീക്കർ ബിശ്വജിത് പ്രഖ്യാപിച്ചതോടെ, ഭാരത് മാതാ കീ ജയ്, ജയ് ശ്രീരാം വിളികളോടെ ബി.ജെ.പി അംഗങ്ങൾ ഡസ്കിലടച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. സഭയിലെ ഏക സ്വതന്ത്ര എം.എൽ.എയായ അഖിൽ ഗൊഗോയിയും ബിൽ പരിഗണനക്ക് എടുത്തതിൽ പ്രതിഷേധിച്ച് സഭവിട്ടു. പ്രതിപക്ഷത്തുള്ള കോൺഗ്രസ്, എ.ഐ.യു.ഡി.എഫ്, സി.പി.എം എന്നിവർ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടാൻ ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിക്കൊണ്ടാണ് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശർമ ബിൽ അവതരിപ്പിച്ചത്.
ബീഫ് കഴിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയല്ല ചെയ്തത് മറിച്ച് മറ്റുള്ളവരുടെ മതവികാരങ്ങൾകൂടി പരിഗണിക്കണമെന്നതാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. മതമൈത്രി ഹൈന്ദവരുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അേദ്ദഹം ചൂണ്ടിക്കാട്ടി. ബില്ലിൽനിന്ന് പോത്ത് എന്ന വാക്ക് നീക്കണമെന്ന അമിനുൽ ഇസ്ലാം എം.എൽ.എയുടെ ആവശ്യം അംഗീകരിക്കുകയും ചെയ്തു.
ബീഫ് കഴിക്കാത്ത ജനവിഭാഗങ്ങൾ താമസിക്കുന്ന മേഖലയിൽ അറവ് നിരോധിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ, ക്ഷേത്രങ്ങൾക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ അറവ് നിരോധനം ഏർപ്പെടുത്തിയത് എതിർക്കുന്നുവെന്നും അമിനുൽ ഇസ്ലാം എം.എൽ.എ പറഞ്ഞു. ഈ വ്യവസ്ഥ പ്രകാരം സംസ്ഥാനത്ത് ഒരിടത്തും അറവ് നടക്കില്ല. സംസ്ഥാനത്തുടനീളം അറവ് നിരോധിച്ചുവെന്ന് പറയുന്നതായിരുന്നു നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.