ദിസ്പുർ: ‘മിയ’ മുസ്‌ലിംകളെ അസം പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. നിയമസഭയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി വീണ്ടും വിദ്വേഷ പരാമർശം നടത്തിയിരിക്കുന്നത്. ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകൾക്കെതിരെ അപകീർത്തികരമായി ഉപയോഗിക്കുന്നതാണ് ‘മിയ’ എന്നത്.
14 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം ചർച്ച ചെയ്യാൻ പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹിമന്ത. ലോവർ അസമിൽ നിന്നുള്ള ആളുകൾ എന്തിനാണ് അപ്പർ അസമിലേക്ക് പോകുന്നത്? അപ്പോൾ മിയ മുസ്‌ലിംകൾക്ക് അസം പിടിച്ചെടുക്കാനാകുമോ? അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല -ഹിമന്ത പറഞ്ഞു. നേരത്തെയും മുസ്‌ലിംകൾക്കെതിരെ അധിക്ഷേപ പരാമർശവുമായി ഹിമന്ത രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ വലിയ കുടിയേറ്റ ജനസംഖ്യയുള്ള പ്രദേശമാണ് ലോവർ അസം. പ്രധാനമായും മുസ്‌ലിംകളും ബംഗാളി സംസാരിക്കുന്നവരുമാണ് ഇവിടെയുള്ളത്. അപ്പർ അസമിൽ താരതമ്യേന അസമീസ് സംസാരിക്കുന്ന ഹിന്ദുക്കളുമാണ്.
മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാക്കൾ രംഗത്തുവന്നെങ്കിലും അവരെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി നേതാവ് ഹിമന്ത പറഞ്ഞു. എന്‍റേത് പക്ഷപാതപരമായ നിലപാടാണ്, ഞാൻ പക്ഷം പിടിക്കും, നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും? -എന്നാണ് ഹിമന്ത പ്രതിപക്ഷ നേതാക്കളോട് ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.