ഹിമന്ത ബിശ്വ ശർമ

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ കേസെടുക്കണമെന്ന് കോടതി

ഗുവാഹത്തി: പ്രകോപനപരമായ പരാമർശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ കേസെടുക്കണമെന്ന് ഗുവാഹത്തി കോടതി. ദരാംഗ് ജില്ലയിലെ ഗരുഖുതി ഗ്രാമത്തിൽ കഴിഞ്ഞ വർഷം നടന്ന കുടിയൊഴിപ്പിക്കൽ പ്രതികാര നടപടിയാണെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ നടപടിക്കെതിരെയാണ് കോടതി കേസെടുക്കാൻ പൊലീസിന് നിർദേശം നൽകിയത്. കോൺഗ്രസ് ലോക്‌സഭാ എം.പി അബ്ദുൾ ഖാലിഖ് നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം.

1983-ലെ അസം പ്രക്ഷോഭത്തിനിടെ ചില യുവാക്കൾ കൊല്ലപ്പെട്ടതിന്‍റെ പ്രതികാര നടപടിയാണ് ദരാംഗ് ജില്ലയിലെ ഗോരുഖുതിയിൽ നടത്തിയ കുടിയൊഴിപ്പിക്കലെന്ന് ശർമ പറഞ്ഞതായി കോൺഗ്രസ് എം.പി പരാതിയിൽ ആരോപിച്ചു. പൊലീസ് മുഖ്യമന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനാൽ സബ് ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയും തുടർന്ന് ശർമക്കെതിരെ കേസെടുക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് ന്യായമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് ഉടൻ തന്നെ സമർപ്പിക്കണമെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യാതിരുന്ന പൊലീസ് നടപടിയ കോടതി വിമർശിച്ചു.

7,000-ത്തിലധികം ആളുകളെ ഭവനരഹിതരാക്കുകയും രണ്ട് പേരുടെ മരണത്തിലേക്ക് നയിക്കകുയും ചെയ്ത കുടിയൊഴിപ്പിക്കൽ നടപടിയെ ന്യായീകരിക്കുന്നതിനോടൊപ്പം അവിടെ താമസിച്ചിരുന്ന മുസ്ലീം സമൂഹത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശമെന്നും പരാതിയിൽ പറയുന്നു.

അനധികൃത കുടിയേറ്റക്കാരെ നീക്കം ചെയ്യുന്നതിനായി ദരാംഗ് ജില്ലയിൽ അസം സർക്കാരിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം നടന്ന കുടിയൊഴിപ്പിക്കൽ യജ്ഞം അക്രമാസക്തമായി മാറുകയും 12 വയസ്സുകാരനുൾപ്പെടെ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Tags:    
News Summary - Assam Court Asks Police To Register Case Against Himanta Sarma For "Inflammatory Remarks"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.