ഗുവഹത്തി:അസ്സമിലെ 'തനി നാടൻ ലംബോർഗിനി'യെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കരീംഗഞ്ച് ജില്ലയിലെ മോട്ടോർ മെക്കാനിക്ക് ആയ നൂറുൽ ഹഖ് ആണ് പഴയൊരു മാരുതി കാറിനെ ലംബോർഗിനിയാക്കി മാറ്റിയത്. ഭാങ്ക ഏരിയയിൽ എൻ മാരുതി കാർ കെയർ എന്ന സ്ഥാപനം നടത്തുകയാണ് നൂറുൽ ഹഖ്. എട്ട് മാസം കൊണ്ടാണ് ഇയാൾ പഴയ മാരുതി സ്വിഫ്റ്റ് കാറിനെ ആഡംബര കാർ ആക്കി മാറ്റിയത്. ഇതിന് ചെലവായതാകട്ടെ, 6.2 ലക്ഷം രൂപയും.
'ലംബോർഗിനി പോലൊരു ആഡംബര കാർ സ്വന്തമാക്കണമെന്നും ഡ്രൈവ് ചെയ്യണമെന്നും ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. എനിക്ക് ലംബോർഗിനി കാറുകൾ അത്രക്ക് ജീവനാണ്. അങ്ങിനെയാണ് ഞാൻ എന്‍റെ പഴയ മാരുതി സ്വിഫ്റ്റ് കാറിനെ എന്‍റെ സ്വപ്ന കാർ ആക്കി മാറ്റിയത്'- 30കാരനായ നൂറുൽഹഖ് പറഞ്ഞു.
ആദ്യ കോവിഡ് തരംഗത്തിലെ ലോക്ഡൗണിൽ വീട്ടിൽ വെറുതേ ഇരുന്നപ്പോളാണ് നൂറുൽഹഖിന് ഇത്തരമൊരു ആശയം ഉണ്ടായത്. യുട്യൂബ് വിഡിയോകൾ കണ്ടാണ് ലംബോർഗിനിയുടെ പാർട്സുകൾ ഉണ്ടാക്കിയെടുത്തത്. സമൂഹ മാധ്യമങ്ങളിൽ പുതിയ കാറിന്‍റെ ഫോട്ടോ വൈറലായതോടെ നൂറുൽഹഖ് നാട്ടിലെ താരമായി മാറിയിരിക്കുകയാണ്. ലംബോർഗിനിക്കൊപ്പം സെൽഫി എടുക്കാൻ നിരവധി പേരാണ് ഇയാളുടെ ഗാരേജിലെത്തുന്നത്. ഇനി ഫെരാറി കാറിന്‍റെ മാതൃക ഉണ്ടാക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് നൂറുൽഹഖ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.