ഗുവാഹത്തി: അസം-മിസോറാം അതിർത്തിയിൽ വീണ്ടും സംഘർഷം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് മിസോറാംകാർക്ക് നേരെ അസം പൊലീസ് വെടിെവച്ചതിനെ തുടർന്നാണ് അതിർത്തി പ്രദേശം വീണ്ടും സംഘർഷഭരിതമായത്. ഒരു സ്ത്രീക്ക് കൈക്ക് പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അയൽ സംസ്ഥാനത്ത് നിന്നും ഭക്ഷണസാധനങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു ഇവരെന്ന് മിസോറാം അധികൃതർ വ്യക്തമാക്കി.
അസമിലെ ഹൈലകണ്ടി ജില്ലയുമായി അതിർത്തി പങ്കിടുന്ന ഐത്ലങ് ത്ലാങ്പുയി പ്രദേശത്ത് ചൊവ്വാഴ്ചയാണ് വെടിവെപ്പുണ്ടായതെന്ന് കോലാസിബ് ഡെപ്യൂട്ടി കമീഷണർ എച്ച്. ലാൽതലങ്ലിയാ പറഞ്ഞു. അസമിലെ ബിലിയാപൂരിലുള്ള നിബുസ് എന്നയാളിൽ നിന്ന് ഇറച്ചി വാങ്ങാനാണ് മിസോറാമുകാർ അയൽ സംസ്ഥാനത്തേക്ക് പോകാനൊരുങ്ങിയത്.
ജനങ്ങളോട് സംഘർഷത്തിൽ പരിഹാരം കാണുന്നത് വരേയോ അല്ലെങ്കിൽ കാര്യങ്ങൾ സാധരണ ഗതിയിലാകുന്നത് വരെയോ അതിർത്തിയിലെത്തരുതെന്ന് പൊലീസ് അഭ്യർഥിച്ചു.
പ്രദേശത്ത് ഏറെ നാളുകളായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ജൂലെ 26നുണ്ടായ സംഘർത്തിൽ ആറ് അസം പൊലീസുകാര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിക്കുകയും 50ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
165 കിലോമീറ്റർ നീളമുള്ള അസം- മിസോറം അതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ മൂന്ന് ജില്ലകൾ ഇവിടെ അതിർത്തി പങ്കിടുന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്ള രണ്ട് അതിർത്തി നിർണയങ്ങളിൽ ഏത് പിന്തുടരണം എന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ് തര്‍ക്കത്തിനുള്ള മൂലകാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.