ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളിൽ താലിബാനെ പിന്തുണച്ച് പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. 'താലിബാൻ പ്രവർത്തനങ്ങളെ പിന്തുണച്ച് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു'- സ്പെഷ്യൽ ഡി.ജി.പി ജി.പി സിങ് ശനിയാഴ്ച ട്വീറ്റ് ചെയ്തു
നിയമവിരുദ്ധ പ്രവർത്തനം (പ്രതിരോധം) , ഐ.ടി നിയമം, സി.ആർ.പി.സി എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. താലിബാനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ പങ്കുവെച്ചതിന് കമ്രൂപ്പ്, ധുബ്രി, ബാർപേട്ട ജില്ലകളിൽ നിന്നുള്ള രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ രജിബ് സൈകിയ പറഞ്ഞു.
ഡാരംഗ്, കച്ചാർ, ഹൈലകണ്ടി, സൗത്ത് സൽമാര, ഹോജായ്, ഗോൽപാറ ജില്ലകളിൽ നിന്നായി ഓരോരുത്തരും അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഒരാൾ വിദ്യാർത്ഥിയാണ്. താലിബാൻ അനുകൂല പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് കണ്ടെത്താൻ തങ്ങൾ ജാഗ്രതയിലാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.