സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അതീഖിന്‍റെ സഹോദരി സുപ്രീംകോടതിയിൽ: ‘മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാർ’

ന്യൂഡല്‍ഹി: ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലിരിക്കെ അതീഖ് അഹ്മദ്, സഹോദരന്‍ അഷ്‌റഫ് അഹ്മദ് എന്നിവർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സഹോദരി ആയിഷാ നൂരി കേസിൽ സുപ്രീംകോടതിയിൽ.

സഹോദരന്മാരുടെ മരണത്തിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാറാണെന്നും അതിനാല്‍ സുപ്രീംകോടതി റിട്ട. ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്. തന്‍റെ കുടുംബത്തിലെ മറ്റുള്ളവർ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതീഖ് കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പ് മകൻ ആസാദ് അഹ്മദിനെ യു.പി പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു. തന്‍റെ കുടുംബാംഗങ്ങളെ കൊലചെയ്തവര്‍ക്ക് പൊലീസിന്‍റെയും ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്‍റെയും പിന്തുണയുണ്ട്. കുടുംബാംഗങ്ങളെ കൊല്ലാനും അറസ്റ്റ് ചെയ്യാനും ഉപദ്രവിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി തോന്നുന്നു. കുടുംബാംഗങ്ങളെ കൊന്നശേഷം തങ്ങള്‍ക്കെതിരേ വിദ്വേഷ കാമ്പയിനാണ് സര്‍ക്കാര്‍ നടത്തുന്നത്. തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭരണഘടനയുടെ 21-ാംം വകുപ്പ് ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.

ഏപ്രിൽ 15ന് മാധ്യമപ്രവർത്തകരുടെ കാമറക്കു മുന്നിൽ െവച്ചാണ് അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്.  നിലത്തുവീണ ഇരുവർക്കും നേരെ അക്രമികൾ നിർത്താതെ വെടിയുതിർക്കുകയായിരുന്നു. ഇതിന് രണ്ടുദിവസം മുമ്പാണ് മകൻ ആസാദിനെയും സഹായിയെയും പൊലീസ് ഏറ്റുമുട്ടലിൽ ​കൊലപ്പെടുത്തിയത്.

Tags:    
News Summary - Atiq's sister moves Supreme Court seeking independent enquiry into 'state-sponsored killing' of brothers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.