ന്യൂഡൽഹി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഇറാൻ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഇറാൻ എംബസിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാൻ അനുകൂല ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമന്റെ ഭരണതലസ്ഥാനമായ സൻആയിലാണ് നിമിഷപ്രിയയുടെ വിചാരണ നടക്കുന്നത്. “ഇത് കൊലപാതക കുറ്റമാണ്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നു.
കഴിയുന്നതെല്ലാം ചെയ്യും” - ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യമൻ പ്രസിഡന്റ് നിമിഷപ്രിയയുടെ വധശിക്ഷ അംഗീകരിച്ചത്. ശിക്ഷ ഒരു മാസത്തിനകം നടപ്പാക്കും. 2017ലാണ് തന്റെ ബിസിനസ് പങ്കാളിയായ യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയ യമനിൽ അറസ്റ്റിലായത്. മരിച്ചയാളുടെ കുടുംബത്തിന് ദിയാധനം (ബ്ലഡ് മണി) നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങൾ നിമിഷപ്രിയയുടെ കുടുംബം നടത്തിയെങ്കിലും അതിൽ പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല.
ന്യൂഡൽഹി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നതായി കേന്ദ്രസർക്കാർ. കേസിലെ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സാധ്യമായ എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ (എം.ഇ.എ) വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. പ്രതിവാര വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയ്സ്വാൾ. നിമിഷപ്രിയയുടെ മോചനത്തിന് മാനുഷിക പരിഗണനയിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഡൽഹി സന്ദർശനത്തിനെത്തിയ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.