ബി.ജെ.പിയിൽ ചേരാൻ നിർബന്ധിച്ചു, ഇല്ലെങ്കിൽ ഇ.ഡി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആതിഷി

ന്യൂഡല്‍ഹി: ബി.ജെ.പിയിൽ ചേരാൻ തന്നെ ഭീഷണിപ്പെടുത്തിയതായി ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ ആതിഷി. രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാൻ ബി.ജെ.പിയിൽ ചേരുന്നതാണ് നല്ലതെന്നും ഇല്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ തന്നെ ഇ.ഡി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിതായി ആതിഷി പറഞ്ഞു.

ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തന്‍റെ അടുത്ത സുഹൃത്തു വഴിയാണ് ബി.ജെ.പി നേതാക്കൾ തന്നെ സമീപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നാലു പാർട്ടി നേതാക്കളെ കൂടി അറസ്റ്റ് ചെയ്യാനാണ് നീക്കം. തന്നെയും സൗരഭ് ഭരദ്വാജിനെയും രാഘവ് ഛദ്ദയെയും ദുർഗേഷ് പഥകിനെയുമാണ് അവർ ലക്ഷ്യമിടുന്നത്. ഭീഷണിപ്പെടുത്തി തന്നെ ബി.ജെ.പിയിൽ ചേർക്കാമെന്ന് കരുതേണ്ട. കെജ്രിവാളിന്‍റെ അറസ്റ്റിലൂടെ പാർട്ടി പിളരുമെന്നാണ് ബി.ജെ.പി കരുതിയതെന്നും ആതിഷി കൂട്ടിച്ചേർത്തു.

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലില്‍ ആതിഷിക്കും സൗരഭ് ഭരദ്വാജിനും കേസില്‍ ബന്ധമുള്ളതായി കെജ്‌രിവാള്‍ പറഞ്ഞതായി ഇ.ഡി തിങ്കളാഴ്ച കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. വിജയ് നായര്‍ തന്റെ പക്കലല്ല റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആതിഷിയുമായും സൗരഭ് ഭരദ്വാജിനും മുമ്പാകെയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വിജയ് നായരുമായി തനിക്കുള്ള ബന്ധം പരിമിതമാണെന്നും കെജ്‌രിവാള്‍ പറഞ്ഞതായി ഇ.ഡി വ്യക്തമാക്കിയിരുന്നു.

100 കോടിയുടെ അഴിമതിക്കേസില്‍ വിജയ് നായര്‍ സൗത്ത് ഗ്രൂപ്പിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് ഇ.ഡിയുടെ കുറ്റപ്പത്രത്തില്‍ പറയുന്നത്.

Tags:    
News Summary - Atishi claims she's being pressurised to join BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.