ന്യൂഡൽഹി: എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റിൽനിന്ന് പാകിസ്താനെ നീക്കിയതിലൂടെ രാജ്യത്ത് ആക്രമണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഐ.ബി. 2018ൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്‌റ്റിൽ പാകിസ്ഥാനെ ഉൾപ്പെടുത്തിയത് ഇന്ത്യയിലെ ആക്രമണങ്ങൾ കുറയ്ക്കാൻ കാരണമായെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ യു.എൻ തീവ്രവാദ വിരുദ്ധ സമിതി (സി.ടി.സി) യോട് പറഞ്ഞു.
2008 നവംബറിൽ 10 അംഗ എൽ.ഇ.ടി സംഘം നടത്തിയ ആക്രമണത്തെക്കുറിച്ച് താജ്മഹൽ പാലസ് ഹോട്ടലിൽ നടന്ന അനൗപചാരിക സമ്മേളത്തിൽ യു.എൻ തീവ്രവാദ വിരുദ്ധ സമിതി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ.
2008 ലെ മുംബൈ ആക്രമണത്തിൽ പാക് ആസ്ഥാനമായ ലശ്കറെ ത്വയ്ബയുടെ പങ്കിനെക്കുറിച്ചും ഉദ്യോഗസ്ഥർ പറഞ്ഞു. ലശ്കറെ ത്വയ്ബ നേതാവ് സാജിദ് മിറിന്റെ ഓഡിയോ ക്ലിപ്പ് കൈമാറുകയും ചെയ്തു. 2018ൽ അതിർത്തിക്കപ്പുറത്ത് 600 ഭീകര താവളങ്ങൾ ഉണ്ടായിരുന്നു. എഫ്.എ.ടി.എഫ് ലിസ്റ്റിങ്ങിൽ പാകിസ്താൻ ഉൾപ്പെട്ടതോടെ ഇത് 75 ശതമാനമായി കുറഞ്ഞു.
2008 ജൂൺ-ആഗസ്റ്റ് മാസങ്ങളിൽ മുസാഫറാബാദിൽ മുംബൈ ആക്രമണകാരികൾക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഹാഫിസ് സയീദും ഓപ്പറേഷൻ കമാൻഡർ സക്കിയുർറഹ്മാൻ ലഖ്‌വിയും സഹായങ്ങൾ നൽകിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്‍റെ ജോയിന്റ് സെക്രട്ടറി പങ്കജ് താക്കൂർ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് പാകിസ്താനെ ഗ്രേ ലിസ്റ്റിൽനിന്ന് നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.