ചെന്നെ: തമിഴ്നാട് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിന് നേരെ നടന്ന പെട്രോൾ ബോംബ് ആക്രമണത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം നടക്കില്ലെന്ന് ഡി.എം.കെ. രാജ്ഭവൻ വളപ്പിനുള്ളിലാണ് ഗവർണറുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നതെന്നും ഈ അതീവ സുരക്ഷാ മേഖലയിൽ 24 മണിക്കൂറും പൊലീസ് സംരക്ഷണം നൽകുന്നുണ്ടെന്നും മുതിർന്ന ഡി.എം.കെ നേതാവും സംസ്ഥാന പൊതുമരാമത്ത് ഹൈവേ മന്ത്രിയുമായ ഇ. വി. വേലു പറഞ്ഞു.
"സ്ഥിരതയില്ലാത്ത ഒരാൾ ടാർ റോഡിൽ പെട്രോൾ ബോംബ് എറിഞ്ഞു. ഗവർണറുടെ ഔദ്യോഗിക വസതിക്ക് നേരെയുള്ള ആക്രമണമായാണ് ബി.ജെ.പി ഇതിനെ കാണുന്നത്. തമിഴ്‌നാട്ടിൽ ക്രമസമാധാനം നന്നായി നിലവിലുണ്ട്. രാഷ്ട്രീയവത്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം നടക്കില്ല"- വേലു പറഞ്ഞു.
ഒക്ടോബർ 25നാണ് തമിഴ്നാട് ഗവർണറുടെ ഔദ്യോഗിക വസിതിക്ക് നേരെ പെട്രോൾ ബോംബേറ് ഉണ്ടായത്. തമിഴ്നാട്ടിലെ യഥാർഥ ക്രമസമാധാന നിലയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും തുടർച്ചയായി നടക്കുന്ന ആക്രമണങ്ങൾ ഡി.എം.കെ സർക്കാറാണ് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുവെന്നും ആരോപിച്ച് തമിഴ്നാട് ബി.ജെ.പി നേതാവ് അണ്ണാമലൈ രംഗത്തെത്തിയിരുന്നു.
2022ൽ തമിഴ്നാട് ബി.ജെ.പി ആസ്ഥാനം ആക്രമിച്ച അതേ വ്യക്തിയാണ് ഗവർണറുടെ വസിതിക്ക് നേരെയും പെട്രോൾ ബോംബെറിഞ്ഞത്. ഡി.എം.കെ ജനങ്ങളുടെ ശ്രദ്ധ പ്രാധാന്യമില്ലാത്ത കാര്യങ്ങളിലേക്ക് തിരിച്ചുവിടുന്ന തിരക്കിലാണെന്നും ക്രിമിനലുകൾ തെരുവിലിറങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.