ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനേഷന് ആധാർ കാർഡ് നിർബന്ധമല്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അധികൃതർ കർശനമായി നടപ്പാക്കണമെന്ന് നിർദേശിച്ച് സുപ്രീംകോടതി. കോവിൻ പോർട്ടലിൽ വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാനോ വാക്സിൻ സ്വീകരിക്കാനോ ആധാർ നിർബന്ധമല്ലെന്നായിരുന്നു നേരത്തെ കേന്ദ്രം സത്യവാങ്മൂലം നൽകിയത്. വാക്സിനേഷനുമായി ബന്ധപ്പെട്ട എല്ലാ അധികൃതരും ഇക്കാര്യം കൃത്യമായി അനുസരിക്കണമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
വാക്സിനേഷനുള്ള തിരിച്ചറിയൽ രേഖയായി ആധാർ നിർബന്ധമാക്കരുതെന്ന് കാട്ടി സിദ്ധാർഥ് ശങ്കർ ശർമയെന്നയാൾ നൽകിയ റിട്ട് ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പാൻകാർഡ്, ലൈസൻസ്, പാസ്പോർട്ട് തുടങ്ങി സർക്കാർ അംഗീകരിച്ച ഒമ്പത് തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് വാക്സിനേഷനായി സമർപ്പിച്ചാൽ മതി.
കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്താലും വാക്സിനെടുക്കാൻ പോകുന്ന സമയത്ത് അധികൃതർ ആധാർ ആവശ്യപ്പെടുകയാണെന്നായിരുന്നു ഹരജിക്കാരന്‍റെ പരാതി. ആധാറുമായി എല്ലാം ബന്ധിപ്പിക്കേണ്ടത് നിർബന്ധമാക്കുകയാണെന്നും ഹരജിക്കാരൻ ആരോപിച്ചു. തുടർന്നാണ്, ആധാർ നിർബന്ധമല്ലെന്ന കേന്ദ്ര നിലപാട് കർശനമായി നടപ്പാക്കാൻ കോടതി നിർദേശം നൽകിയത്.
പാസ്‌പോര്‍ട്ട് നല്‍കിയിട്ടും ഹരജിക്കാരന് മഹാരാഷ്ട്രയിലെ സ്വകാര്യ ആശുപത്രിയില്‍ വാക്‌സിന്‍ നിഷേധിച്ച സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.