സ്​ഫോടനം നടന്ന ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെടുത്ത

സ്​​ഫോടക വസ്തു ഘടിപ്പിച്ച പ്രഷർ കുക്കർ

മംഗളൂരുവിലെ ഓട്ടോറിക്ഷ സ്ഫോടനം; മൈസൂരുവിലെ വാടക വീട്ടിൽ നിന്ന് ബോംബ് നിർമാണ വസ്തുക്കൾ കണ്ടെത്തി

ബംഗളൂരു: മംഗളൂരുവിൽ ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്ന സംഭവം ആഗോള ഭീകരസംഘടനയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ബംഗളൂരു തീർഥഹള്ളി സ്വദേശി മുഹമ്മദ് ഷാരിഖ് (24) മൈസൂരുവിൽ വാടകക്ക് താമസിക്കുന്ന വീട്ടിൽ നടത്തിയ തിരച്ചിലിൽ ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ കണ്ടെത്തിയതായും എ.ഡി.ജി.പി (ലോ ആൻഡ് ഓർഡർ) അലോക് കുമാർ പറഞ്ഞു.

മൈസൂരു മേട്ടഗള്ളി ലോകനായക നഗറിലെ ഈ വീട്ടിൽനിന്ന് തീപെട്ടി, സൾഫർ, ഫോസ്ഫറസ്, ബാറ്ററികൾ, സർക്യൂട്ട്, നട്ടുകൾ, ബോൾട്ടുകൾ എന്നിവയാണ് കണ്ടെടുത്തത്. വീടുടമസ്ഥനായ മോഹൻകുമാറിന് ഇക്കാര്യങ്ങൾ അറിയുമായിരുന്നില്ലെന്നും പൊലീസ് പറയുന്നു.

ബംഗളൂരുവിലെ സുദ്ദഗണ്ഡാപാള്യയിലെ അബ്ദുൽ മതീൻ താഹയുടെ അനുയായിയാണ് ഷാരിഖ് എന്നാണ് പൊലീസ് പറയുന്നത്. താഹയെ പിടിക്കാൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ 23ന് കോയമ്പത്തൂരിൽ നടന്ന കാർ സ്ഫോടനവുമായി മംഗളൂരു സ്ഫോടനത്തിന് ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും മംഗളൂരു, ശിവമൊഗ്ഗ, മൈസൂരു, തീർഥഹള്ളി എന്നിവിടങ്ങളിൽ പരിശോധന നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഷാരിഖിനെതിരെ യു.എ.പി.എ ചുമത്തും.

ശനിയാഴ്ച വൈകുന്നേരമാണ് മംഗളൂരു കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ നാഗോരിക്ക് സമീപം ഓടുന്ന ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്നത്. പ്രഷർ കുക്കറിൽ സ്ഫോടക വസ്തു ഘടിപ്പിച്ചായിരുന്നു സ്ഫോടനം. ഓട്ടോ യാത്രക്കാരനായ ഷാരിഖിന്‍റെ കൈയിലെ ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഡ്രൈവർ പറയുന്നത്.

ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ചികിത്സയിലാണ്. ഷാരിഖിൽനിന്ന് ലഭിച്ച ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ നിലവിൽ സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഷാരിഖിന് കർണാടകക്ക് പുറത്തുനിന്നുള്ളവരുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

ശിവമൊഗ്ഗയിലെ തീർഥഹള്ളിയിലാണ് ഷാരിഖിന്‍റെ വീട്. ബന്ധുക്കളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. 15 പേരെ ചോദ്യം ചെയ്തിട്ടുമുണ്ട്. ശിവമൊഗ്ഗയിൽ അടുത്തിടെ സവർക്കറുടെ ഫോട്ടോ പതിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലും ഷാരിഖ് ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ ഭീകരബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു.

Tags:    
News Summary - Autorickshaw blast in Mangaluru-Bomb-making material found in rented house in Mysore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.