പെൺകുട്ടികൾ രാത്രി സമയത്ത് ചുറ്റിത്തിരിയരുത്; വിവാദ ഉത്തരവുമായി അസം മെഡിക്കൽ കോളജ്

ഗുവാഹത്തി: പശ്ചിമബംഗാളിൽ പി.ജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ ഉത്തരവുമായി അസം മെഡിക്കൽ കോളജ്. വനിത ഡോക്ടർമാരും ജീവനക്കാരും രാത്രിസമയത്ത് മെഡിക്കൽ കോളജ് കാമ്പസിൽ ചുറ്റിത്തിരിയരുതെന്നാണ് അസമിലെ സിൽചർ മെഡിക്കൽ കോളജിന്റെ ഉത്തരവ്.

കോളജിന്റെ പ്രിൻസിപ്പലും ചീഫ് സൂപ്രണ്ടുമായ ഡോ.ഭാസ്കർ ഗുപ്തയാണ് ഉത്തരവിറക്കിയത്. ഒറ്റപ്പെട്ട, ലൈറ്റില്ലാത്ത ആളനക്കം കുറവുള്ള മേഖലകളിലേക്ക് വനിത ജീവനക്കാരും വിദ്യാർഥിനികളും പോകരുതെന്നും ഉത്തരവിൽ പറയുന്നു. മുൻകൂട്ടി വിവരം അറിയിച്ചതിന് ശേഷം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ രാത്രി സമയത്ത് ഹോസ്റ്റലിൽ നിന്നും പുറത്ത് പോകാവുവെന്നും നിർദേശിച്ചിട്ടുണ്ട്.

ഹോസ്റ്റലിൽ താമസിക്കുന്നവർ അവിടത്തെയും കോളജിലേയും നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വിളിക്കാനായുള്ള എമർജൻസി നമ്പറുകൾ എപ്പോഴും ഫോണിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

എന്തെങ്കിലും പ്രശ്നം നേരിട്ടാൽ ഉടൻ ജൻഡർ ഹരാസ്മെന്റ് കമിറ്റിയുടെ ചെയർമാ​നേയൊ അംഗങ്ങളേയോ വിവരമറിയിക്കണം. ഡോക്ടർമാരുടേയും വിദ്യാർഥികളുടേയും മറ്റ് ജീവനക്കാരുടേയും സുരക്ഷ മുൻനിർത്തിയാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് കോളജ് പ്രിൻസിപ്പലിന്റെ വിശദീകരണം.

Tags:    
News Summary - Avoid roaming alone on campus at night', SMCH issues advisory to female doctors after Kolkata incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.