പുണെ: 100 അടി ഉയരമുള്ള വൈദ്യുതി ടവറിൽ നിന്ന് വീണ സുഹൃത്തിന്റെ മരണവിവരം ആരോടും പറയാതെ രഹസ്യമാക്കി വെക്കുകയും പിന്നീട് കുഴിച്ചിടുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ജൂലൈ 13ന് വെൽഹെ തഹ്‌സിലിലെ രഞ്ജനെ ഗ്രാമത്തിന് സമീപമുള്ള പ്രവർത്തനരഹിതമായ ഹൈടെൻഷൻ വൈദ്യുതി ടവറിൽ നിന്ന് മൂന്ന് പേരും കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
പുണെയിലെ സിംഗ്ഗഡ് റോഡ് പ്രദേശത്തെ താമസക്കാരനാണ് മരിച്ച ബസവരാജ് മംഗ്രുലെ (22). സൗരഭ് റെനൂസ്, രൂപേഷ് യെൻപുരെ എന്നിവരായിരുന്നു കൂടെ ഉണ്ടായിരുന്നത്. ജൂലായ് 11ന് സൗരഭ് റെനൂസിനൊപ്പം പോയത് മുതൽ ബസവരാജ് മംഗ്രുലെയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോലീസ് പറയുന്നതനുസരിച്ച് മൂവരും ലോഹ കേബിളുകൾ മോഷ്ടിക്കാൻ രഞ്ജനെ ഗ്രാമത്തിലേക്ക് പോയി. എന്നാൽ ടവറിൽ നിന്ന് വീണ് മംഗ്രുലെ മരിച്ചു.
ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം വനത്തിൽ കുഴിച്ചിടുകയായിരുന്നുവെന്ന് സിംഗ്ഗഡ് റോഡ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ പ്രതി തന്നെ കുഴിച്ചിട്ട സ്ഥലം പോലീസിന് കാണിച്ചുകൊടുത്തതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.