ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ച് ബാരാമുല്ല എം.പി എൻജിനീയർ റാഷിദ് അലിയുടെ അവാമി ഇത്തിഹാദ് പാർട്ടിയും (എ.ഐ.പി) ജമാഅത്തെ ഇസ്ലാമിയും (ജെ.ഇ.ഐ). റാഷിദ് അലിയും പാർട്ടി വക്താവ് ഇനാം ഉൻ നബിയും ജമാഅത്തെ ഇസ്ലാമി നേതാവ് ഗുലാം ഖാദിർ വാണിയും നടത്തിയ ചർച്ചയിലാണ് തെരഞ്ഞെടുപ്പ് സഖ്യം തീരുമാനിച്ചത്.
മേഖലയിലെ ജനങ്ങളുടെ താൽപര്യങ്ങൾക്കായി ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത ഇരു പാർട്ടികളും ഊന്നിപ്പറയുകയും തെരഞ്ഞെടുപ്പിൽ സഖ്യമായി നിന്ന് സീറ്റ് പങ്കിടാനും തീരുമാനിച്ചതായും സംയുക്ത പ്രസ്താവനയിൽ എ.ഐ.പിയും ജെ.ഇ.ഐയും വ്യക്തമാക്കി. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സമാധാനം, നീതി, രാഷ്ട്രീയ ശാക്തീകരണം എന്നിവക്ക് സഖ്യത്തിലൂടെ സാധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്താൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയെ പിന്തുണക്കുമെന്ന് എൻജിനീയർ റാഷിദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നരേന്ദ്ര മോദിക്കോ അമിത് ഷാക്കോ എന്നല്ല, ഭൂമിയിലാർക്കും കശ്മീരികളെ അടിച്ചമർത്താനാകില്ലെന്നും സത്യം തങ്ങൾക്കൊപ്പമാണ്, അത് വിജയിക്കുക തന്നെ ചെയ്യുമെന്നും റാഷിദ് പറഞ്ഞു. ഇന്ത്യക്ക് ആഗോള ശക്തി എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ കശ്മീർ പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ എട്ടിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.