ന്യൂഡൽഹി: സുപ്രീംകോടതി വിധി പിൻബലമാക്കി, ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമാണത്തിന് ബുധനാഴ്ച തുടക്കമിടുന്നു. സർക്കാർ മുന്നോട്ടുവെക്കുന്ന കോവിഡ്കാല നിയന്ത്രണങ്ങൾക്കിടയിൽ നടത്തുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടൽ നടത്തുന്നത്. ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് വിശിഷ്ടാതിഥിയാവും. ബുധനാഴ്ച രാവിലെ 11.30ന് നടത്തുന്ന ചടങ്ങിൽ 150ഓളം പേർക്ക് ക്ഷണമുണ്ട്. വേദിയിൽ മോദിക്കും ഭാഗവതിനും പുറമെ മൂന്നു പേരാണ് ഉണ്ടാവുക. യു.പി. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്രനിർമാണ ചുമതലയുള്ള ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ചെയർമാൻ സ്വാമി നൃത്യഗോപാൽ ദാസ്.
അയോധ്യയിലെത്തുന്ന മോദി, ഹനുമാൻഗഡി ക്ഷേത്രദർശനം നടത്തിയശേഷമാണ് ശിലാസ്ഥാപനത്തിന് എത്തുക. അതിനു മുമ്പായി പരിസരത്ത് പാരിജാതം നടും. ശിലാസ്ഥാപന ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രവുമായി ബന്ധപ്പെട്ട തപാൽസ്റ്റാമ്പ് മോദി പുറത്തിറക്കും. ശിലാസ്ഥാപന തലേന്ന് മുഖ്യമന്ത്രി ആദിത്യനാഥ് സ്വന്തം വസതിയിൽ മൺചെരാതുകൾ തെളിച്ച് 'ആഘോഷം' വിളംബരം ചെയ്തു.
കോടികൾ ചെലവിട്ട് മൂന്നര വർഷംകൊണ്ട് 161 അടി ഉയരത്തിൽ മുന്നു നിലകളിലായി കൊത്തിയെടുത്ത കല്ലുകളിൽ നിർമിക്കുന്ന ക്ഷേത്രത്തിെൻറ മാതൃക ചൊവ്വാഴ്ച പുറത്തിറക്കിയിട്ടുണ്ട്. സ്വന്തം അജണ്ടകളിൽ ഒന്നുകൂടി നടപ്പാക്കി വോട്ടർമാർക്കിടയിൽ രാഷ്്ട്രീയ ഭദ്രത ഉറപ്പിക്കാനുള്ള വ്യകതമായ ചുവടുവെപ്പാണ് ബി.ജെ.പിയും കേന്ദ്ര, സംസ്ഥാന സർക്കാറുകളും ശിലാസ്ഥാപന ചടങ്ങിലൂടെ നടത്തുന്നത്. ബി.ജെ.പിയുടെയും സംഘ്പരിവാർ സംഘടനകളുടെയും പ്രതിനിധികൾ പങ്കെടുക്കുേമ്പാൾ രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് ക്ഷണം തന്നെയില്ല. എന്നാൽ, ക്ഷേത്രനിർമാണത്തിന് കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.