ന്യൂഡൽഹി: അയോധ്യ ഭൂമി തർക്ക കേസിൽ വാദം കേൾക്കുന്നതിനായി സുപ്രീംകോടതി അഞ്ചംഗ ഭര ണഘടന ബെഞ്ച് രൂപവത്കരിച്ചു. ബാബരി ഭൂമി ഉടമസ്ഥാവകാശ തർക്ക കേസിൽ ചീഫ് ജസ്റ്റി സ് രഞ്ജൻ ഗൊഗോയ് തലവനായ ഭരണഘടന ബെഞ്ച് ജനുവരി 10ന് വാദം കേൾക്കുമെന്ന് കോടത ി വെബ്സൈറ്റിൽ നൽകിയ അറിയിപ്പിൽ വിശദീകരിച്ചു. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, എൻ .വി രമണ, ഉദയ് ഉമേഷ് ലളിത്, ഡോ. ഡി.വൈ ചന്ദ്രചൂഢ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
‘‘ജനുവരി 10ന് രാവിലെ 10.30ന് അയോധ്യ ഭൂമി തർക്ക കേസിലെ ഹരജികളിൽ ചീഫ് ജസ്റ്റിസിെൻറ കോടതിയിൽ ഭരണഘടന ബെഞ്ച് മുമ്പാകെ വാദം കേൾക്കും’’ -അറിയിപ്പിൽ പറയുന്നു. 2010ൽ അലഹബാദ് ഹൈകോടതി നാലു സിവിൽ ഹരജികൾ പരിഗണിച്ച്, 2.77 ഏക്കർ ഭൂമി മൂന്നു കക്ഷികൾക്ക് തുല്യമായി വീതിച്ചു നൽകിയ ഉത്തരവിനെതിരായ 14 അപ്പീലുകളാണ് സുപ്രീംകോടതിക്കു മുമ്പാകെയുള്ളത്. സുന്നി വഖഫ് ബോർഡ്, നിർമോഹി അഘാഡ, രാം ലല്ല എന്നിവക്കായാണ് ഭൂമി വീതിച്ചു നൽകിയിരുന്നത്.
വിഷയം ജനുവരിയിൽ അനുയോജ്യമായ ബെഞ്ച് പരിഗണിക്കുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബർ 29ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇൗ ഉത്തരവിനെതിരെ, കേസ് അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭ നൽകിയ ഹരജി കോടതി തള്ളിയിരുന്നു.
ബാബരി ഭൂമിയുമായി ബന്ധപ്പെട്ട് 1994ൽ സുപ്രീംകോടതി, ‘ഇസ്ലാമിൽ പള്ളി അവിഭാജ്യ ഘടകമല്ല’ എന്ന് നിരീക്ഷിച്ചിരുന്നു. ഇൗ നിരീക്ഷണം വിപുലമായ ഭരണഘടന ബെഞ്ച് പുനഃപരിശോധിച്ചശേഷം കേസ് പരിഗണിച്ചാൽ മതിയെന്ന, അന്നത്തെ മൂന്നംഗ ബെഞ്ചിലെ ഒരംഗമായ ജസ്റ്റിസ് അബ്ദുൽ നസീർ നിലപാട് എടുത്തെങ്കിലും മറ്റു രണ്ടംഗങ്ങളായ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും ഇതു പുനഃപരിശോധിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് വിധി പ്രസ്താവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.