ലഖ്നോ: രാജ്യം 72ാം റിപബ്ലിക് ദിനം ആഘോഷിക്കുന്നവേളയിൽ അയോധ്യയിൽ പുതിയ പള്ളിയുടെ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. ദേശീയ പതാക ഉയർത്തിയതിന് ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2019ലെ സുപ്രീംകോടതി വിധിയെ തുടർന്ന് ലഭിച്ച അഞ്ചേക്കറിലാണ് പള്ളിയുടെ നിർമാണം നടത്തുക.
ഇന്ത്യ-ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷൻ ട്രസ്റ്റിനാണ് പള്ളിയുടെ നിർമാണ ചുമതല. ട്രസ്റ്റ് മേധാവി സഫർ അഹമ്മദ് ഫാറുഖി രാവിലെ 8.45ന് ദേശീയ പതാക ഉയർത്തിയതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് ട്രസ്റ്റിന്‍റെ 12 അംഗങ്ങളും വൃക്ഷതൈ നട്ടു. മണ്ണു പരിശോധനക്ക് ശേഷമാണ് പള്ളിയുടെ രൂപരേഖ തയാറാക്കിയത്. ഇതിന് ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. പള്ളിയുടെ നിർമാണത്തിനായി എല്ലാവരിൽ നിന്ന് സംഭാവനകൾ അഭ്യർഥിക്കുകയാണെന്ന് ഫാറുഖി പറഞ്ഞു.
300 കിടക്കകളുള്ള മൾട്ടി സെപ്ഷാലിറ്റി ആശുപത്രി, ദിവസം രണ്ടുനേരം സൗജന്യ ഭക്ഷണം വിളമ്പുന്ന സമൂഹ അടുക്കള, ഹിന്ദു-മുസ്ലിം സംസ്കൃതി വിവരിക്കുന്ന മ്യൂസിയം, ഇന്ത്യയിലെ ഇസ്ലാമിക സംസ്കാരവും സാഹിത്യവും സംബന്ധിച്ച പഠനത്തിന് ഗവേഷണ സൗകര്യമുള്ള ലൈബ്രറി, പുസ്തക പ്രസാധനശാല.... ഇങ്ങനെ പ്രത്യേകതകൾ ഏറെയാണ് അയോധ്യയിലെ ധന്നിപ്പുർ ഗ്രാമത്തിലെ അഞ്ച് ഏക്കർ ഭൂമിയിൽ നിർമിക്കാനിരിക്കുന്ന നിർദ്ദിഷ്ട മസ്ജിദ് സമുച്ചയത്തിന്.
1700 ചതുരശ്ര മീറ്റർ ചുറ്റളവിലാണ് മസ്ജിദ് നിർമിക്കുന്നത്. വൃത്താകൃതിയിലുള്ള മസ്ജിദിൽ രണ്ട് നിലയിലായി രണ്ടായിരം പേർക്ക് നമസ്കരിക്കാനുള്ള സൗകര്യമാണ് ഉണ്ടാകുക. പരമ്പരാഗത ശൈലിയിൽ നിന്ന് ഭിന്നമായി ആധുനിക രീതിയിലാണ് മസ്ജിദ് രൂപകൽപന ചെയ്തിരിക്കുന്നത്. കാലോചിത രീതിയിലുള്ള രണ്ട് മിനാരങ്ങളും ഗ്ലാസ് താഴികക്കുടവുമുണ്ട്. പൂർണമായും സൗരോർജം ഉപയോഗിക്കുന്നതിനാൽ 'സീറോ എനർജി' ആയിരിക്കും മസ്ജിദിന്റെ മറ്റൊരു സവിശേഷത. മസ്ജിദിന് ചുറ്റും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കാനും പദ്ധതിയുണ്ട്.
യു.പി കേന്ദ്ര സുന്നി വഖഫ് ബോർഡ് രൂപവത്കരിച്ച ഇന്തോ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷന്‍റെ (ഐ.ഐ.സി.എഫ്) മേൽനോട്ടത്തിലാണ് മസ്ജിദ് നിർമിക്കുക. ജാമിഅ മില്ലിഅ സ്കൂൾ ഓഫ് ആർകിടെക്ചറിലെ ഡീൻ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ തയാറാക്കിയത്. ആദ്യഘട്ടത്തിൽ മസ്ജിദ് മാത്രമാണ് നിർമിക്കുന്നത്. ആശുപത്രിയും മറ്റും രണ്ടാംഘട്ടത്തിലാണ്. മസ്ജിദിന് തകർക്കപ്പെട്ട ബാബരി മസ്ജിദിനേക്കാൾ വലിപ്പമുണ്ടാകുമെങ്കിലും രൂപത്തിൽ സാമ്യത ഉണ്ടാകില്ല.
പോഷകാഹാരക്കുറവു മൂലം രോഗങ്ങളുള്ള കുട്ടികൾക്കും ഗർഭിണികൾക്ക് ഉൾപ്പെടെ സമീപ്രദേശങ്ങളിലുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ആശുപത്രി വിഭാവനം ചെയ്തിരിക്കുന്നത്. സാമൂഹികസേവനം മാത്രമല്ല, സമുദായങ്ങൾ തമ്മിലുള്ള വിടവ് നികത്തുകയെന്നതും സമുച്ചയത്തിന്‍റെ ലക്ഷ്യമാണെന്ന് ഐ.ഐ.സി.എഫ് സെക്രട്ടറി അത്താർ ഹുസൈൻ വ്യക്തമാക്കിയിരുന്നു. ഭാവിയിൽ ആശുപത്രിയോട് ചേർന്ന് നഴ്സിങ്-പാരാമെഡിക്കൽ കോളജും നിർമിക്കാൻ ആലോചനയുണ്ട്.
രാജ്യത്തെ ഹിന്ദു-മുസ്ലിം സംസ്കൃതിയുടെയും സൗഹൃദത്തിന്‍റെയും സവിശേഷതകൾ വിളിച്ചോതുന്ന മ്യൂസിയം മസ്ജിദ് സമുച്ചയത്തിന്‍റെ ഭാഗമായി നിർമിക്കണമെന്ന ആശയം മുന്നോട്ടുവെച്ചത് പ്രഫസർ പുഷ്പേഷ് പന്ത് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.