ന്യൂഡൽഹി: തുടർച്ചയായി കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരല്ലാത്ത 14 വർഷമോ അതിൽ കൂടുതൽ കാലമോ തടവ് അനുഭവിച്ചവർക്ക് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. അലഹബാദ് ഹൈകോടതിയോടുള്ള നിർദേശമായാണ് കോടതി ഇക്കാര്യം പറഞ്ഞത്. കേസ് കെട്ടിക്കിടക്കുന്ന അവസ്ഥ വലിയ തോതിൽ കുറക്കാൻ ഇത് സഹായിക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
10 മുതൽ 14 വർഷം വരെ ജയിൽ ശിക്ഷ അനുഭവിച്ചവർക്ക് ഹൈകോടതിയിൽ തടവിനെതിരെ അപ്പീൽ പരിഗണനയിലുള്ള സമയത്ത് ജാമ്യം പരിഗണിക്കാമെന്നും സുപ്രീംകോടതി പറഞ്ഞു. 2021 ആഗസ്റ്റ് വരെ അലഹബാദ് ഹൈകോടതിയിലും അതിന്റെ ലഖ്നോ ബെഞ്ചിലും ഏതാണ്ട് 1,83,000 ക്രിമിനൽ കേസ് അപ്പീലുകൾ പരിഗണിക്കാതെ കിടക്കുകയാണ്.
യു.പിയിലെ വിവിധ ജയിലുകളിൽ 10 വർഷത്തിലധികം തടവുശിക്ഷ അനുഭവിച്ച 7214 പേരുണ്ട്. ഇവരുടെ അപ്പീലുകൾ കെട്ടിക്കിടക്കുകയാണ്.
ഹൈകോടതിക്കും യു.പി സർക്കാറിനും തടവുകാരുടെ അപ്പീൽ പരിഗണിക്കാനുള്ള മതിയായ സംവിധാനമുണ്ടാക്കാനാകാത്തതിൽ ഉന്നത കോടതി ക്ഷോഭം പ്രകടിപ്പിച്ചു. തുടർന്ന് ഹൈകോടതി ജാമ്യം നിഷേധിച്ചതിനെതിരായ ഈ സ്വഭാവത്തിലുള്ള 21 ഹരജികളിൽ ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എം.എം. സുന്ദരേശ് എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.