ബംഗളൂരു: ശിവമൊഗ്ഗയിൽ ബജ്റങ്ദൾ പ്രവർത്തകൻ ഹർഷ (28) കൊല്ലപ്പെട്ട സംഭവത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ശിവമൊഗ്ഗ ബുദ്ധനഗർ സ്വദേശി മുഹമ്മദ് കാഷിഫ് (30), ജെ.പി നഗർ സ്വദേശി സെയ്ദ് നദീം (20), ആസിഫുല്ല ഖാൻ, റിഹാൻ ശരീഫ്, നിഹാൻ, അബ്ദുൽ അഫ്നാൻ എന്നിവരാണ് പിടിയിലായത്. 12 പേരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു.
പ്രതികളിലൊരാൾ ആറു മാസംമുമ്പ് ഹർഷയുമായി വഴക്കിട്ടിരുന്നു. കൊലപാതകത്തിന് പിന്നിൽ ഈ സംഭവമാണെന്നും പ്രതികൾ മയക്കുമരുന്നിന്‍റെ സ്വാധീനത്തിലാണ് കൃത്യം നടത്തിയതെന്നുമാണ് പ്രാഥമിക നിഗമനമെന്ന് ശിവമൊഗ്ഗ എസ്.പി ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു. കൊല്ലപ്പെട്ട ഹർഷക്കെതിരെ കലാപത്തിന്‍റെ പേരിലും മതവികാരം വ്രണപ്പെടുത്തിയതിനും രണ്ടു കേസുകൾ നിലവിലുണ്ട്.
ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കം കേസിന്‍റെ എല്ലാ വശവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിരോവസ്ത്ര വിവാദത്തിന് പിന്നിലെ മതസംഘടനകൾക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.
കൊലപാതകത്തിന് പിന്നിൽ മുസ്ലിംകളാണെന്ന് ബി.ജെ.പിയും വ്യക്തിവൈരാഗ്യമാണെന്ന് കോൺഗ്രസും ആരോപിച്ചു. ഹർഷയുടെ ചിതാഭസ്മം രഥയാത്രയായി ശ്രീരംഗപട്ടണയിൽ നദിയിലൊഴുക്കുമെന്ന് സക്കരായനപുര കാളി മഠത്തിലെ റിഷികുമാര സ്വാമിജി പറഞ്ഞു.
അതേസമയം, ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിദ്വേഷ പോസ്റ്റിട്ട 'മാംഗ്ലൂർ മുസ്ലിംസ്' ഫേസ്ബുക്ക് പേജിനെതിരെ പൊലീസിലെ സമൂഹമാധ്യമ നിരീക്ഷണ സെല്ലിന്‍റെ പരാതിയിൽ സൈബർ ഇക്കണോമിക് ആൻഡ് നാർക്കോടിക് ക്രൈം വിഭാഗം കേസെടുത്തു.
ശിവമൊഗ്ഗ ജില്ലയിലെ നിരോധനാജ്ഞ രണ്ടു ദിവസത്തേക്കുകൂടി നീട്ടിയതായി ഡെപ്യുട്ടി കമ്മീഷണർ ഡോ. ആർ. ശെൽവമണി അറിയിച്ചു. ശിവമൊഗ്ഗക്ക് പുറമെ, ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തരകന്നഡ, ചിക്കമകളൂരു, കുടക് തുടങ്ങിയ ജില്ലകളിലും പൊലീസ് സുരക്ഷ ശക്തമാക്കി. കൊലപാതകവും അക്രമവും അരങ്ങേറിയ തുംഗനഗർ സാധാരണനിലയിലേക്ക് തിരിച്ചുവന്നു. യുവാവിന്‍റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രക്കിടെ നടന്ന കല്ലേറിൽ നിരവധി വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാട് സംഭവിച്ചിരുന്നു. രണ്ട് ബൈക്കും രണ്ട് ഓട്ടോയോ അക്രമികൾ അഗ്നിക്കിരയാക്കിയതായി ഡെപ്യുട്ടി കമ്മീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.