ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് വംശഹത്യക്ക് പ്രതിക്കൂട്ടിലാക്കുന്ന ബി.ബി.സി ഡോക്യുമെന്‍ററി പങ്കുവെക്കുന്നത് കേന്ദ്ര സർക്കാർ തടഞ്ഞു. ഡോക്യുമെന്‍ററിയുടെ ചില ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ യുട്യൂബ് വിഡിയോകൾ, അവയുടെ ലിങ്ക് പങ്കുവെക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ എന്നിവയാണ് നിരോധിച്ചത്.
വിവര സാങ്കേതികവിദ്യ ചട്ടം 2021 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയുടെ നടപടി. നിർദേശത്തെത്തുടർന്ന് ബി.ബി.സിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ യുട്യൂബും ലിങ്കുകൾ ട്വിറ്ററും നീക്കി. ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട വിഡിയോ, ലിങ്ക് തുടങ്ങിയവ ഇനി ഇന്ത്യയിൽ ലഭ്യമല്ല.
രണ്ടു ഭാഗങ്ങളിലുള്ള ഡോക്യുമെന്‍ററി ബി.ബി.സി ഇന്ത്യയിൽ ലഭ്യമാക്കിയിട്ടില്ല. ഇതിനിടെയാണ് ഡോക്യുമെന്‍ററി ഭാഗങ്ങൾ യുട്യൂബ് ചാനലുകൾ അപ്ലോഡ് ചെയ്തത്. എന്നാൽ, അവ അധികൃതരെ അവമതിക്കുന്നതും സുപ്രീംകോടതിയുടെ വിശ്വാസ്യതക്ക് പരിക്കേൽപിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് കേന്ദ്ര സർക്കാറിന്‍റെ നിരോധനം. വിഡിയോ, ലിങ്ക് പ്രചാരണങ്ങൾ ജനങ്ങൾക്കിടയിൽ വിഭാഗീയതക്ക് ഇടയാക്കും. ഇന്ത്യയുടെ പരമാധികാരത്തിനും ഐക്യത്തിനും ദോഷം ചെയ്യും. വിദേശ നാടുകളുമായുള്ള ഇന്ത്യയുടെ സൗഹാർദത്തെ പ്രതികൂലമായി ബാധിക്കും.
വിഡിയോ, ലിങ്കുകൾ വീണ്ടും അപ്ലോഡ് ചെയ്താൽ വീണ്ടും നീക്കം ചെയ്യണമെന്നും കേന്ദ്ര സർക്കാർ യുട്യൂബിനും ട്വിറ്ററിനും നിർദേശം നൽകിയിട്ടുണ്ട്. ബ്രിട്ടന്‍റെ ടെലിവിഷൻ ചാനലായ ബി.ബി.സിയുടെ ഡോക്യുമെന്‍ററി തെറ്റായ പ്രചാരവേലയാണെന്നും കോളനിക്കാല മനോഭാവം പ്രതിഫലിപ്പിക്കുന്നതാണെന്നും നേരത്തെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങൾ പരിശോധിച്ച ശേഷമാണ് കേന്ദ്ര സർക്കാറിന്‍റെ പുതിയ നടപടി. ചുരുങ്ങിയത് 50 ട്വീറ്റുകൾ ഇതേത്തുടർന്ന് നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.