ശ്രീനഗർ: ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദികൾ എന്നു കരുതുന്ന രണ്ടുപേർ വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മന്നാൻ ബഷീർ വാനിയെന്ന മുൻ പിഎച്ച്.ഡി വിദ്യാർഥിയും സഹായിയുമാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റുമുട്ടൽ കൊലയിൽ പ്രതിഷേധിച്ചും മന്നാന്‍ അനുശോചനം അർപ്പിക്കുന്നതിനുമായി കശ്മീർ താഴ്വരയിൽ വിഘടനവാദി നേതാക്കൾ വെള്ളിയാഴ്ച ബന്ദിന് ആഹ്വാനംചെയ്തു. മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി മന്നാനിയുടെ കൊലയിൽ ഖേദം രേഖപ്പെടുത്തി. ലാൻഗേറ്റ് മേഖലയിൽനിന്നുള്ള ആഷിഖ് ഹുസൈനാണ് കൊല്ലപ്പെട്ട മറ്റൊരാൾ.
മന്നാനും സഹായിയും മേഖലയിലെത്തിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. കീഴടങ്ങാൻ ആവശ്യപ്പെെട്ടങ്കിലും നിരസിച്ചതായി പൊലീസ് പറയുന്നു. അലീഗഢ് സർവകലാശാലയിൽ പിഎച്ച്.ഡി ചെയ്തിരുന്ന 27കാരനായ മന്നാൻ പഠനം നിർത്തി ഇൗ വർഷം ജനുവരിയിലാണ് തീവ്രവാദ സംഘടനയിൽ ചേർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പഠനം ഉപേക്ഷിക്കാനും ഹിസ്ബുൽ മുജാഹിദീനിൽ അംഗമാവാനും തീരുമാനമെടുത്തതിനു പിന്നിലെ കാരണങ്ങൾ സംബന്ധിച്ച് അടുത്തിടെ അദ്ദേഹം എഴുതിയ ലേഖനങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു.
വാനിയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആയിരക്കണക്കിന് പേർ സംസ്കാരച്ചടങ്ങിൽ പെങ്കടുത്തതായാണ് റിപ്പോർട്ട്. വാനിയുടെ മരണവാർത്ത അറിഞ്ഞയുടൻ ചിലയിടങ്ങളിൽ ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങി സുരക്ഷസേനക്കുനേരെ കല്ലേറു നടത്തി. മുൻകരുതലിെൻറ ഭാഗമായി സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഇൻറർനെറ്റ് സേവനം തടസ്സപ്പെട്ടു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി വിഘടനവാദ നേതാക്കൾ വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ ദക്ഷിണ ഷോപിയാനിൽ അജ്ഞാതരായ തോക്കുധാരികൾ വിഘടനവാദിയായ മുസ്ലിം ലീഗ് നേതാവിനെ വെടിവെച്ചുകൊന്നു. മൗലവി താരിഖ് അഹ്മദ് ഗനാഇ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ മുമ്പ് തീവ്രവാദിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.