ഔരായ: ചമ്പൽ മേഖലയിലെ കുപ്രസിദ്ധ കൊള്ളക്കാരൻ ചിദ്ദ സിങിനെ 24 വർഷങ്ങൾക്കുശേഷം ഉത്തർപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു. സ്വദേശമായ ഔരായയിലെ ബാസൗൻ ഗ്രാമത്തിൽ നിന്നാണ് 65 കാരനായ ചിദ്ദയെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ ചിത്രകൂട്ടിലെ ജാൻകി കുട്ട് മേഖലയിലെ മഠത്തിൽ ബാബയായി ആൾമാറാട്ടം നടത്തി കഴിയുകയായിരുന്നു അദ്ദേഹം.
ബഹ്മായി കൂട്ടക്കൊലക്ക് മുൻപായി ചമ്പൽ റാണി ഫൂലൻ ദേവിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ അംഗമാണ് ചിദ്ദ സിങ്. തന്‍റെ 20കളിലാണ് ചിദ്ദ സിങ് ചമ്പാലിലെ സഹോദരങ്ങളായ ലാൽറാം, സിതാറാം സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ലാൽറാം സംഘത്തിൽ ചേരുന്നത്. സംഘത്തിലെ സജീവ പ്രവർത്തകനായിരുന്നു ചിദ്ദ. തങ്ങളുടെ എതിരാളി സംഘത്തലവൻ വിക്രം മല്ലെയെ വധിച്ച ശേഷം ചിദ്ദയുടെ സംഘാംഗങ്ങൾ ഫൂലൻ ദേവിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാൽ ക്രമേണ ഈ സംഘം ഇല്ലാതായി. പിന്നീട് സമാജ് വാദി പാർട്ടി പ്രതിനിധിയായി മിസാപൂർ മണ്ഡലത്തിൽ നിന്നും ലോകസഭയിലെത്തിയ ഫൂലൻ ദേവിയെ മുഖംമൂടി ധാരികൾ വെടിവെച്ച് കൊല്ലുകയായിരുന്നു.
1998 മുതൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയാണ് ചിദ്ദ. ബ്രാജ്മോഹൻ ദാസ് എന്ന പേരിലുള്ള വ്യാജ തിരിച്ചറിയൽ രേഖ ഇയാളിൽ നിന്നും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊലപാതകം, കൊള്ളയടിക്കൽ, തട്ടിക്കൊണ്ടുപോകൽ, തുടങ്ങി 20-ലധികം കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.