ബംഗളൂരു: ബംഗളൂരു ഇന്ത്യയുടെ സിലിക്കൺ വാലിയാണെങ്കിലും രാജ്യത്തിന് നമ്മുടേതായ പുതിയ സിലിക്കൺ വാലി ആവശ്യമാണെന്ന കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനക്ക് മറുപടിയുമായി കർണാടക വ്യവസായ വകുപ്പ് മന്ത്രി എം.ബി. പാട്ടീൽ. ബംഗളൂരു ഇന്ത്യയിലാണ്.
ഇന്ത്യ നമ്മുടെ രാജ്യവുമാണ്. ഒറ്റ ദിവസം കൊണ്ട് കെട്ടിപ്പടുത്ത നഗരമല്ല ബംഗളൂരു, പതിറ്റാണ്ടുകളെടുത്തിട്ടുണ്ട്. കെട്ടിടങ്ങളും റോഡുകളുമെല്ലാം ദിവസങ്ങൾ കൊണ്ട് നിർമിച്ചെടുക്കാനാകുമെങ്കിലും ഒരു ഇക്കോ സിസ്റ്റം രൂപപ്പെടുത്തിയെടുക്കാൻ വർഷങ്ങളുടെ അധ്വാനം ആവശ്യമാണ്. ഇന്ത്യയുടെ നോളജ് ഇക്കോസിസ്റ്റത്തിന്റെ ഹബാണ് ബംഗളൂരു. നമ്മ ബംഗളൂരുവിനെ ഗ്ലോബൽ സിറ്റിയായി വികസിപ്പിക്കാൻ എന്തെങ്കിലും ചെയ്യുകയാണ് കേന്ദ്ര മന്ത്രി ചെയ്യേണ്ടതെന്നും എം.ബി. പാട്ടീൽ പ്രതികരിച്ചു. 40,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും 80,000 പേർക്ക് തൊഴിലവസരം നൽകുന്ന കർണാടകയുടെ കെ.എച്ച്.ഐ.ആർ സിറ്റിക്ക് (നോളജ്, ഹെൽത്ത്, ഇന്നവേഷൻ, റിസർച്ച്) കേന്ദ്ര സർക്കാർ സഹായിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. സംരംഭകർ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവക്കായി ടൗൺഷിപ് നിർമിച്ചുകൊണ്ട് നൂതന ആശയങ്ങളുള്ളവർക്ക് അവ നടപ്പാക്കാൻ നമ്മുടേതായ സിലിക്കൺ വാലിയുണ്ടാക്കണമെന്ന യൂനിയൻ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവനയാണ് കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീലിനെ ചൊടിപ്പിച്ചത്.
കേന്ദ്ര സർക്കാറിൽനിന്ന് അർഹമായ നികുതി വിഹിതം ലഭിക്കുന്നില്ലെന്നതിന്റെ പേരിൽ കർണാടക സർക്കാറും യൂനിയൻ ഗവൺമെന്റും തമ്മിൽ അഭിപ്രായ ഭിന്നതകൾ രൂക്ഷമാണ്. സമാന പരാതിയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും പഞ്ചാബ് സർക്കാറിലെ ധനമന്ത്രിയുമടക്കമുള്ളവർ 15ാം ധനകാര്യ കമീഷനു മുമ്പാകെ നിർദേശങ്ങൾ സമർപ്പിക്കുന്നതിന്റെ ആശയ രൂപവത്കരണത്തിനായി തിരുവനന്തപുരത്ത് കേരള സർക്കാറിന്റെ നേതൃത്വത്തിൽ നടത്തിയ കോൺക്ലേവിൽ പങ്കെടുത്തിരുന്നു. കർണാടകയിൽനിന്ന് 100 രൂപ കേന്ദ്ര സർക്കാർ നികുതിയായി പിരിക്കുമ്പോൾ 15 രൂപ മാത്രമാണ് തിരികെ നൽകുന്നതെന്നാണ് കർണാടക ധനകാര്യവകുപ്പ് മന്ത്രി കൃഷ്ണബൈര ഗൗഡ സമ്മേളനത്തിൽ പറഞ്ഞത്. സമാന സ്വഭാവത്തിലുള്ള കോൺക്ലേവിലേക്കായി എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിച്ചുകൊണ്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.