ന്യൂഡൽഹി: സമൂഹിക- സാമ്പത്തിക വികസനത്തിൽ അസമിന്‍റെ സഹകരണം തേടി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ കത്ത്. അസമിന്‍റെ പുതിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കാണ് ഷേഖ് ഹസീന ആശംസകൾ നേർന്നും സഹകരണം തേടിയും കത്തയച്ചത്.
താങ്കളുടെ ദാർശനിക നേതൃത്വത്തിൽ, അസമിലെ ബഹു-വംശീയ, ബഹു-ഭാഷാ, ബഹു-വിശ്വാസ ജനങ്ങൾ കൂടുതൽ ഊർജസ്വലമായ ഒരു സമൂഹത്തിലേക്കും കൂടുതൽ വികസനത്തിലേക്കും പുരോഗമിക്കട്ടേയെന്ന് ഹിമന്ത ബിശ്വ ശർമയെ ബംഗ്ലാദേശ് പ്രധാനമന്ത്രി ആശംസിച്ചു.
ബംഗ്ലാദേശ് ഒരു ഇടത്തരം വരുമാനമുള്ള രാജ്യമാണ്. തങ്ങളുടെ സാമൂഹിക -സാമ്പത്തിക വികസന, വളർച്ചാ പാതയിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കാൻ അസമിനെ ക്ഷണിക്കുകയാണ്. ഇന്ത്യയുടെ വടക്കു കിഴക്കൻ ഭാഗത്തേക്കുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കാര്യത്തിൽ ബംഗ്ലാദേശ് അചഞ്ചലമായി നിലകൊള്ളുമെന്നും കത്തിൽ ഷേഖ് ഹസീന ചൂണ്ടിക്കാട്ടുന്നു.
പശ്ചിമ ബംഗാൾ, ത്രിപുര, മിസോറാം, മേഘാലയ, അസം എന്നീ ഇന്ത്യൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തി പങ്കിടുന്നതാണ്. മാർച്ച് 27 മുതൽ ഏപ്രിൽ ആറു വരെ മൂന്നു ഘട്ടങ്ങളിലായി നടന്ന അസം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സഖ്യമാണ് അധികാരത്തിലേറിയത്. 126 നിയമസഭ സീറ്റിൽ 75 എണ്ണം നേടി തുടർഭരണം ഉറപ്പാക്കിയ ബി.ജെ.പി. ഹിമന്ത ബിശ്വ ശർമയെ മുഖ്യമന്ത്രിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.