ന്യൂഡൽഹി: രാഷട്രപിതാവ് മഹാത്മാഗാന്ധി വിഭാവനം ചെയ്ത ദേശീയത സങ്കുചിതത്തിൻെറയോ പുറത്താക്കലിൻെറയോ ആയിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദി ന്യൂയോർക്ക് ടൈംസിൽ ‘എന്തുകൊണ്ട് ഇന്ത്യക്കും ലോകത്തിനും ഗാന്ധിജിയെ ആവശ്യമാണ്’ തലക്കെട്ടിൽ വന്ന ലേഖനത്തിലാണ് മോദി ഗാന്ധിജിയെ അനുസ്മരിച്ചത്. ഒരു ദേശീയവാദിയാവാതെ ഒരാൾക്ക് അന്തർദേശീയവാദിയാവാൻ സാധ്യമല്ലെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു.
ദേശീയത യാഥാർഥ്യമായാലേ അന്തർദേശീയത സാധ്യമാവൂ. അതായത്, വിവിധ രാജ്യങ്ങളിലുള്ള ജനങ്ങൾ സംഘടിച്ച് ഒരു വ്യക്തി പോലെ പ്രവർത്തിക്കുക. സമൂഹത്തിലെ വിവിധ വിഭാഗം ആളുകളുടെ വിശ്വാസം ഗാന്ധിജി ആർജ്ജിച്ചെടുത്തിരുന്നു. 1917ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ മില്ലുടമകളും തൊഴിലാളികളും തമ്മിൽ നിലനിന്ന സംഘർഷത്തിൽ മധ്യസ്ഥത വഹിച്ച് പ്രശ്നം ഭംഗിയായി പരിഹരിച്ചത് അതിനുദാഹരണമാണെന്നും മോദി ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
ഗാന്ധിജി എങ്ങനെയാണ് ഒരു വസ്തുവിനെ ബൃഹത്തായൊരു രാഷ്ട്രീയവുമായി കൂട്ടിചേർത്തതെന്നും മോദി ലേഖനത്തിൽ പറയുന്നു. നൂൽ നൂൽക്കാനുള്ള ചർക്കയെന്ന ചക്രത്തേയും ഖാദിയേയും സ്വന്തം വീട്ടിൽ നെയ്തെടുത്ത വസ്ത്രത്തേയും സാമ്പത്തിക സ്വാശ്രയത്വത്തിൻെറ അടയാളമാക്കി മാറ്റിയത് ഗാന്ധിജിയല്ലാതെ മറ്റാരാണെന്നും മോദി ചോദിക്കുന്നു.
ലോകത്ത് നിരവധി ബൃഹത്തായ പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിൽ പോലും ധാരാളം പേർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. വലിയ തോതിലുള്ള പൊതുജന പങ്കാളിത്തമാണ് ഗാന്ധിയൻ സമരമാർഗത്തെ വേറിട്ടു നിർത്തിയത്. മാഹാത്മഗാന്ധി ഒരിക്കലും ഭരണ മേഖലയിലോ തെരഞ്ഞെടുപ്പിലോ നിന്നിട്ടില്ല. അദ്ദേഹത്തെ അധികാരം ഭ്രമിപ്പിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ പൗരൻമാർക്കും ഐശ്വര്യവും അന്തസുമുള്ള ഒരു ലോകമാണ് ഗാന്ധിജി വിഭാവനം ചെയ്തത്. ലോകം അവകാശങ്ങളെ കുറിച്ച് സംസാരിച്ചപ്പോൾ ഗാന്ധിജി കടമകളെ കുറിച്ച് ഊന്നി പറഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.