ന്യൂഡൽഹി: ഡൽഹി വംശഹത്യ കേസുകളിലെ ഇരകളുടെയും അറസ്റ്റിലായ പൗരത്വസമര നേതാക്കളുടെയും കേസുകൾ നടത്തുന്ന അഡ്വ. മഹ്മൂദ് പ്രാചയുടെ ഒാഫിസിലെ റെയ്ഡിനെതിരെ അടിയന്തര നടപടി എടുക്കണമെന്ന് ഡൽഹി ബാർ കൗൺസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എഴുതി.
മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ് സ്പെഷൽ സെൽ അഭിഭാഷകരായ മഹ്മൂദ് പ്രാചയുടെയും ജാവേദ് അലിയുടെയും വസതികളിൽ നടത്തിയ റെയ്ഡ് നിയമവിരുദ്ധമാണെന്ന് കത്തിൽ കൗൺസിൽ ചൂണ്ടിക്കാട്ടി. ബാർ കൗൺസിലിനെയോ ബാർ അസോസിയേഷനെയോ വിവരമറിയിക്കാതെയും വിശ്വാസത്തിലെടുക്കാതെയും അഭിഭാഷകർക്കെതിരെ കേസെടുക്കരുതെന്ന് ഇരുകൂട്ടർക്കുമിടയിൽ ധാരണയുള്ളതാണെന്ന് ബി.സി.ഡി ഒാർമിപ്പിച്ചു.
ഇന്ത്യൻ തെളിവ് നിയമം 126 മുതൽ 129 വരെയുള്ള വകുപ്പുകൾപ്രകാരം കേസിലെ കക്ഷികളുമായി ഒരു അഭിഭാഷകൻ നടത്തുന്ന ആശയവിനിമയങ്ങൾക്ക് നിയമപരമായ സംരക്ഷണമുണ്ട്. ഇന്ത്യൻ തെളിവ് നിയമപ്രകാരം അഭിഭാഷകന് ലഭിക്കുന്ന സംരക്ഷണം ഹനിക്കാൻ പാടുള്ളതല്ല. നിയമത്തിലെ ഇൗ വ്യവസ്ഥകൾ തള്ളാൻ പാടില്ലെന്ന് അഭിഭാഷകർ കത്തിൽ വ്യക്തമാക്കി.
നീതിന്യായ സംവിധാനത്തിെൻറ രണ്ടു ചിറകുകൾ തമ്മിലുള്ള സൗഹാർദം പരിപാലിക്കാനാണ് ഇൗ ധാരണ. എന്നാൽ, മഹ്മൂദ് പ്രാചക്കും ജാവേദ് അലിക്കുമെതിരായ കേസിൽ അത് പിന്തുടർന്നില്ല. നിയമവൃത്തങ്ങളിൽ രോഷവും പ്രതിഷേധവുമുണ്ടാക്കിയ വിഷയം അത്യന്തം ഗൗരവമേറിയതാണ്.
സ്വതന്ത്രമായി തെൻറ ഉത്തരവാദിത്തം നിർവഹിക്കുകയെന്ന ഒരു അഭിഭാഷകെൻറ അടിസ്ഥാനപരമായ കടമയിലേക്ക് എത്തുന്നതാണിത്. ഇത്തരമൊരു സാഹചര്യം അവസാനിപ്പിക്കാൻ അടിയന്തര നടപടി എടുക്കണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. ഡൽഹിയിലെ വനിത അഭിഭാഷകരുടെ സംഘടനയും നടപടിക്കെതിരെ രംഗത്തുവന്നു.
അഡ്വ. മഹ്മൂദ് പ്രാചയുടെ ഒാഫിസിൽ ഡൽഹി പൊലീസ് സ്പെഷൽ സെൽ വ്യാഴാഴ്ച ഉച്ചക്ക് തുടങ്ങിയ റെയ്ഡ് വെള്ളിയാഴ്ച പുലർച്ച വരെ നീണ്ടു. ഡൽഹി കോടതിയിലെ വാറൻറിനെ തുടർന്നാണ് റെയ്ഡ് എന്നാണ് ഡൽഹി പൊലീസിെൻറ അവകാശവാദം. റെയ്ഡിനെത്തിയവരെ തടഞ്ഞുവെന്ന് പറഞ്ഞ് നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.