ന്യൂഡൽഹി: വോട്ട് ഭിന്നിപ്പിക്കാൻ ബി.ജെ.പിയുടെ ബി ടീമായി പ്രവർത്തിക്കുന്നുവെന്ന ആരോപണത്തിനിടെ ജമ്മു- കശ്മീരിലെ അവാമി ഇത്തിഹാദ് പാർട്ടി (എ.ഐ.പി) നേതാവും ബാരാമുല്ലയിൽനിന്നുള്ള ലോക്സഭാംഗവുമായ എൻജിനീയർ റാഷിദ് അലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിഹാർ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങി. ഒക്ടോബർ രണ്ടുവരെ കോടതി ജാമ്യം അനുവദിച്ചതിനെതുടർന്ന് ബുധനാഴ്ച വൈകീട്ട് 4.15നാണ് തിഹാർ ജയിലിൽനിന്ന് അദ്ദേഹം പുറത്തുവന്നത്. ഈ മാസം 18 മുതൽ നാല് ഘട്ടമായാണ് കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഭീകര പ്രവർത്തന ഫണ്ടിന്റെ പേരിൽ ദേശീയ അന്വേഷണ ഏജൻസി 2019ൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത ശൈഖ് അബ്ദുൽ റാശിദ് എന്ന എൻജിനീയർ റാഷിദ് അലി ജയിലിലിരുന്ന് മത്സരിച്ചാണ് ബാരാമുല്ലയിൽ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ തോൽപിച്ചത്. കശ്മീരികളുടെയും മുസ്ലിംകളുടെയും വോട്ട് ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമാണ് റാഷിദെന്നും അദ്ദേഹത്തിന്റെ പാർട്ടിക്ക് വോട്ടു ചെയ്ത് പാഴാക്കരുതെന്നും നാഷനൽ കോൺഫറൻസും പി.ഡി.പിയും ജനങ്ങളോടാവശ്യപ്പെടുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം പ്രചാരണത്തിന് ജാമ്യം കൊടുക്കാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ജാമ്യം അനുവദിച്ചത് രാഷ്ട്രീയ വിവാദമായിരിക്കുകയാണ്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയപ്പോൾ വൻ പ്രതിഷേധമൊരുക്കിയ ബി.ജെ.പി റാഷിദിന് ജാമ്യം നൽകിയപ്പോൾ മൗനം പാലിക്കുന്നത് ബി.ജെ.പിക്കുവേണ്ടിയുള്ള നീക്കമായത് കൊണ്ടാണെന്നും ഉമർ അബ്ദുല്ല ആരോപിച്ചു. അതിനിടെ, മോദിയുടെ പുതിയ കശ്മീർ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നുവെന്നും മോദിയുടെ നയങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്നും എൻജിനീയർ റാഷിദ് അലി ജയിലിന് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.