കോടതിയിൽ പൊട്ടിച്ചിരിച്ച അഭിഭാഷകന് രണ്ടാഴ്ച തടവ്; അഭിഭാഷക വസ്ത്രം അഴിച്ചുമാറ്റാൻ നിർദേശം

കൊൽക്കത്ത: കോടതിയിൽ പൊട്ടിച്ചിരിച്ച അഭിഭാഷകനെതിരെ ഹൈകോടതി ജഡ്ജി കടുത്ത നടപടി സ്വീകരിച്ചത് വിവാദമാകുന്നു. കൽക്കട്ട ഹൈകോടതിയിലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയാണ് അഭിഭാഷകൻ പ്രസേൻജിത് മുഖർജിയെ ശകാരിക്കുകയും കോടതിയലക്ഷ്യത്തിന് രണ്ടാഴ്ച സിവിൽ ജയിലിൽ തടവ് വിധിക്കുകയും ചെയ്തത്.

തിങ്കളാഴ്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായയുടെ ബെഞ്ചിൽ സംസ്ഥാന മദ്റസ കമ്മിഷനുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സംഭവം. പ്രസേൻജിത് മുഖർജിയുടെ അഭിഭാഷക വസ്ത്രം അഴിച്ചുമാറ്റാൻ നിർദേശിച്ച ജഡ്ജി, ഷെരീഫിനെ വിളിച്ചുവരുത്തി അഭിഭാഷകനെ കൈമാറി.

പിന്നീട് അഭിഭാഷകരുടെ അഭ്യർഥനയെത്തുടർന്ന് ജസ്റ്റിസ് ഗാംഗുലി വിധി ഇളവ് ചെയ്യുകയും മോചിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ, തന്നെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് അഭിഭാഷകൻ ചീഫ് ജസ്റ്റിസിനെ സമീപിച്ചു. തുടർന്ന് ജസ്റ്റിസ് ഹരീഷ് ടണ്ഠൻ, ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജസ്റ്റിസ് ഗംഗോപാധ്യായയുടെ ഉത്തരവ് മൂന്നുദിവസത്തേക്ക് സ്റ്റേ ചെയ്തു.

അഭിഭാഷകനെ നിന്ദ്യമായി അപമാനിച്ച ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ മാപ്പ് പറയണമെന്നും അതുവരെ അദ്ദേഹത്തിന്റെ ബെഞ്ചിലെ കേസുകളുമായി അഭിഭാഷകർ സഹകരിക്കില്ലെന്നും ബാർ അസോസിയഷൻ സെക്രട്ടറി ബിശ്വജിത് ബസു മല്ലിക് പറഞ്ഞു. ജസ്റ്റിസ് ഗംഗോപാധ്യായയുടെ ബെഞ്ചിൽ നിന്ന് എല്ലാ കേസുകളും പിൻവലിക്കണമെന്നും ബാർ അസോസിയേഷൻ ഹൈകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തോട് ആവശ്യപ്പെട്ടു.

വിവാദങ്ങൾക്കിടെ, ഇന്നലെ ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ കോടതിയിൽ എത്തിയില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട കേസുകൾ മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലാണ് വാദം കേട്ടത്.

ഈ വർഷമാദ്യം ഒരു ചാനലിന് നൽകിയ അഭിമുഖത്തെ തുടർന്ന് ജസ്റ്റിസ് ഗംഗോപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. താൻ വാദം കേൾക്കുന്ന പ​ശ്ചിമ ബംഗാളിലെ ജോലിക്ക് കൈക്കൂലി കേസുമായി ബന്ധപ്പെട്ടായിരുന്നു അഭിമുഖം നൽകിയത്. തീർപ്പുകൽപിക്കാത്ത വിഷയങ്ങളിൽ ജഡ്ജിമാർ അഭിമുഖം അനുവദിക്കരുതെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, തുടർന്ന് കേസ് മറ്റൊരു ജഡ്ജിയെ ഏൽപ്പിക്കാൻ നിർദേശിച്ചിരുന്നു.

Tags:    
News Summary - Bar's Boycott Call After Calcutta High Court Judge Orders Lawyer's Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.