ബംഗളൂരു: ബി.എസ്. യെദിയൂരപ്പയുടെ പിൻഗാമിയായി കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ് ബസവരാജ് ബൊമ്മൈ. ഗവർണർ തവർചന്ദ് ഗെഹ്േലാട്ടിന്റെ സാന്നിധ്യത്തിൽ ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ യെദിയൂരപ്പയും സന്നിഹിതനായിരുന്നു.
തിങ്കളാഴ്ച നടന്ന ബി.ജെ.പി എം.എൽ.എമാരുടെ യോഗത്തിലാണ് 61കാരനായ ബൊമ്മൈയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുത്തത്. സത്യപ്രതിജ്ഞക്ക് മുമ്പ് യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
യെദിയൂരപ്പയുടെ വിശ്വസ്തനായ ബൊമ്മൈ ലിംഗായത്തിന്‍റെ പ്രധാന നേതാക്കളിൽ ഒരാളാണ്. ബസവരാജിനെ തന്‍റെ പിൻഗാമിയാക്കണമെന്ന യെദിയൂരപ്പയുടെ ആവശ്യം നേതൃത്വം അംഗീകരിക്കുകയായിരുന്നു. യോഗത്തിൽ യെദിയൂരപ്പയുടെ നിർദേശത്തെ ഉപമുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് കർജോൽ പിന്താങ്ങി. യെദിയൂരപ്പയുടെ രാജിയെ തുടർന്ന് കർണാടകയിലെ ലിംഗായത്ത് മഠാധിപതികളിൽനിന്നുയർന്ന പ്രതിഷേധംകൂടി കണക്കിലെടുത്താണ് മറ്റു പരീക്ഷണങ്ങൾക്ക് മുതിരാതെ ബി.ജെ.പി തീരുമാനം.
ഹവേരി ജില്ലയിലെ ഷിഗ്ഗോൺ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയാണ് അദ്ദേഹം. യെദിയൂരപ്പ മന്ത്രിസഭയിലെ ആഭ്യന്തര, നിയമ, പാർലമെന്‍ററി വകുപ്പുകൾ കൈകാര്യം ചെയ്തത് ബൊമ്മൈയായിരുന്നു. ജനത പാർട്ടിയുടെ മുൻ മുഖ്യമന്ത്രി എസ്.ആർ. ബൊമ്മെയുടെ മകനാണ്. എച്ച്.ഡി. ദേവഗൗഡ, രാമകൃഷ്ണ ഹെഗ്ഡെ തുടങ്ങിയ മുതിർന്ന ജനതാദൾ നേതാക്കളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ജനതാദൾ യുനൈറ്റഡിൽനിന്ന് 2008 ഫെബ്രുവരിയിൽ ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം ആദ്യ യെദിയൂരപ്പ സർക്കാറിൽ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. രണ്ടു തവണ എം.എൽ.സിയും മൂന്നു തവണ എം.എൽ.എയുമായി. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ അദ്ദേഹം മുമ്പ് ടാറ്റ ഗ്രൂപ്പിൽ എൻജിനീയറായിരുന്നു. ഹുബ്ബള്ളി^ ധാർവാഡ് സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.