കോയമ്പത്തൂര്‍: മധുരയില്‍ അറസ്റ്റിലായ ബേസ് മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ക്ക് അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുമായി ബന്ധമില്ളെന്ന് തമിഴ്നാട് പൊലീസ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍. ഭരണകൂട കേന്ദ്രങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിന്‍െറ ഭാഗമായി ചെറുസ്ഫോടനങ്ങള്‍ നടത്തി ഭീതി പരത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. നിരപരാധികളെയടക്കം കൊല്ലുന്ന ഐ.എസ് പ്രവര്‍ത്തന ശൈലിയോട് വിയോജിക്കുകയും അല്‍ഖാഇദയുടെ ആശയത്തെ മാനസികമായി പിന്തുണക്കുകയും ചെയ്യുന്നവരാണ് മധുരയില്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
ബേസ് മൂവ്മെന്‍റ് പ്രവര്‍ത്തകര്‍ എതിരാളികളെ വകവരുത്തുകയോ വന്‍ നാശം വിതക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ളെന്നും അന്വേഷണത്തില്‍ വ്യക്തമായി. മധുര സ്വദേശികളായ ദാവൂദ് സുലൈമാന്‍ (23), എന്‍. അബ്ബാസ് അലി (27), എം. ഷംസുന്‍കരീം രാജ (23), എം. അയൂബ് അലി (25) ഷംസുദ്ദീന്‍ (25) എന്നിവരെയാണ് എന്‍.ഐ.എ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ ജയിലുകളില്‍ നിരവധി മുസ്ലിം വിചാരണ തടവുകാരെ അന്യായമായി പാര്‍പ്പിച്ചിരിക്കുന്നതാണ് സംഘത്തെ പ്രകോപിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ അറിവായി. കോയമ്പത്തൂര്‍ ഉള്‍പ്പെടെ തമിഴകത്തെ വിവിധ ജയിലുകളില്‍ മുസ്ലിം തടവുകാര്‍ക്ക് ചികിത്സ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കോടതികളില്‍നിന്നും ജില്ല ഭരണകൂടങ്ങളില്‍നിന്നും ഇവര്‍ക്ക് നീതി ലഭ്യമാവാത്ത സാഹചര്യത്തിലാണ് ചെറുസ്ഫോടനങ്ങളിലൂടെ പ്രതിഷേധമറിയിച്ചതെന്നും പ്രതികള്‍ വെളിപ്പെടുത്തിയതായി അറിയുന്നു. ഇതിന്‍െറ ഭാഗമായാണ് കലക്ടറേറ്റുകളും കോടതി വളപ്പുകളും സ്ഫോടനം നടത്തുന്നതിനായി തെരഞ്ഞെടുത്തതെന്ന് ഇവര്‍ പറയുന്നു.
2013 ജനുവരിയിലാണ് ബേസ് മൂവ്മെന്‍റ് പ്രസ്ഥാനത്തിന് സംഘം തുടക്കമിട്ടത്. ജയിലുകളില്‍ കഴിയുന്ന മുസ്ലിം തടവുകാര്‍ക്കുവേണ്ടി ജയിലധികൃതര്‍ക്കും ജില്ല ഭരണകൂടങ്ങള്‍ക്കും കത്തയക്കുകയായിരുന്നു ആദ്യത്തെ പ്രവര്‍ത്തനരീതി. പിന്നീടാണ് ചെറുസ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്. അബ്ബാസും ഷംസുദ്ദീനും സ്ഫോടകവസ്തു നിര്‍മാണത്തില്‍ വൈദഗ്ധ്യം നേടിയവരാണ്.
ഇമാംഅലിയുടെ നേതൃത്വത്തിലുള്ള തീവ്രവാദി സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു. ആശയപ്രചാരണത്തിനും മറ്റുമായി കരീമിന്‍െറ അച്ചടിശാലയാണ് ഉപയോഗപ്പെടുത്തിയത്. നിരോധിത സംഘടനയായ അല്‍ഉമ്മയുമായി നേരത്തേ ബന്ധമുണ്ടായിരുന്ന ഷംസുദ്ദീന്‍െറ പേരില്‍ മധുരയില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.