ന്യൂഡൽഹി: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷന്റെ (ബി.ബി.സി)ഡൽഹി, മുംബൈ ഓഫിസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നെടുങ്കൻ തിരച്ചിൽ. രണ്ടാം ദിവസം രാത്രി വൈകിയും പരിശോധന തുടർന്നു. അന്താരാഷ്ട്ര പ്രശസ്തിയുള്ള മാധ്യമ സ്ഥാപനത്തിൽ പരിശോധന നടത്തുന്ന സാഹചര്യത്തെക്കുറിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും ഔദ്യോഗിക വിശദീകരണമില്ല.
സ്ഥാപനത്തിലെ കമ്പ്യൂട്ടറുകൾ, ലാപ് ടോപുകൾ, ജീവനക്കാരുടെ മൊബൈൽ ഫോണുകൾ തുടങ്ങിയവ ബുധനാഴ്ചയും പരിശോധിച്ചു. വിവരങ്ങൾ പൂർണമായും ചോർത്തിയെടുക്കുന്ന വിധം അവ ആദായ നികുതി വകുപ്പ് ക്ലോൺ ചെയ്തുവെന്നാണ് വിവരം. കമ്പ്യൂട്ടറിൽ നിന്നും കണക്കു പുസ്തകങ്ങളിൽ നിന്നും ആവശ്യമെന്നു കരുതുന്നവയുടെ പകർപ്പെടുത്തു. പരിശോധന മൂന്നാം ദിവസവും തുടരും.
പ്രവർത്തനം സ്തംഭിപ്പിക്കുന്ന വിധം പരിശോധന നീണ്ടതു മൂലം ബി.ബി.സിയുടെ മാധ്യമ പ്രവർത്തകർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വന്നു. കുറെപ്പേരെ ഓഫിസിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും ധനകാര്യ വിഭാഗത്തിലെ മുതിർന്ന ജീവനക്കാർക്കും മറ്റും വീട്ടിൽ പോകാനായില്ല. അതേസമയം, ശമ്പള വിവരം അടക്കം സ്ഥാപനത്തെക്കുറിച്ച് ചോദിക്കുന്ന വിവരങ്ങൾ കൈമാറി പരിശോധനയുമായി സഹകരിക്കണമെന്ന് ജീവനക്കാരോട് ബി.ബി.സി ഇ-മെയിലിൽ അഭ്യർഥിച്ചു.
രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ സംഭവത്തെക്കുറിച്ച് അധികൃതർ മൗനം തുടരുകയാണ്. പരിശോധന കഴിയുന്ന മുറക്ക് ആദായ നികുതി വകുപ്പ് പത്രക്കുറിപ്പ് വഴിയോ വാർത്തസമ്മേളനം വിളിച്ചോ വിശദാംശങ്ങൾ നൽകുമെന്നാണ് വാർത്തവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ പറഞ്ഞതെങ്കിലും ബുധനാഴ്ചയും ഒന്നുമുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ 11.30നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ കയറിച്ചെന്നത്. നികുതി വെട്ടിപ്പ് നടത്തുന്നുവെന്ന സംശയം ഉന്നയിച്ചാണ് പരിശോധന.
ന്യൂഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷ ദുരവസ്ഥ വിശദീകരിക്കുന്ന ഡോക്യുമെന്ററി നിർമിച്ചതിൽ ക്ഷുഭിതരായി നിൽക്കുന്ന ഹിന്ദു സേന പ്രവർത്തകർ ആദായനികുതി പരിശോധന നടക്കുന്ന ബി.ബി.സി ഓഫിസിനു മുന്നിൽ പ്രകടനം നടത്തി. അക്രമ സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇതേത്തുടർന്ന് കെട്ടിടത്തിനു മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചു. ജയ് ശ്രീറാം വിളികളും ആക്രോശങ്ങളുമായാണ് ഹിന്ദുസേനക്കാർ കെട്ടിടത്തിനു മുന്നിലെത്തിയത്. ഇവരെ പൊലീസ് തിരിച്ചയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.