ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ച വംശീയ പരാമർശം തിരിച്ച് ഉപയോഗിച്ച് യൂത്ത് കോൺഗ്രസ്. പൗരത്വ നിയമത്തിലെ പ്രതിഷേധക്കാരെ വസ്ത്രംകൊണ്ട് തിരിച്ചറിയാമെന്ന് മോദി പറഞ്ഞിരുന്നു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെതിരെ അക്രമണ സമരങ്ങൾ അഴിച്ചുവിട്ട ബി.ജെ.പി പ്രവർത്തകരുടെ ചിത്രത്തിന് അടിക്കുറിപ്പായി യൂത്ത്കോൺഗ്രസ് ദേശീയ പ്രസിഡൻറ് ബി.വി ശ്രീനിവാസ് ട്വീറ്റ് ചെയ്തതിങ്ങനെ: ''വസ്ത്രം കൊണ്ട് തിരിച്ചറിയൂ, ആരാണ് കലാപകാരിയെന്ന്''. സമൂഹമാധ്യമങ്ങളിലും സമാന തലക്കെട്ടോടെ ബി.ജെ.പി ആക്രമണങ്ങളുടെ ചിത്രങ്ങൾ നിരവധി പേർ പോസ്റ്റ് ചെയ്തു. ബംഗാളിൽ ക്രമസമാധാനം തകർന്നു എന്നാരോപിച്ചായിരുന്നു ബി.ജെ.പി പ്രതിഷേധം.
ജയ് ശ്രീറാം മുഴക്കിയെത്തിയ ബി.ജെ.പി പ്രവർത്തകർ ബംഗാളിൽ പരക്കെ അക്രമം അഴിച്ചുവിട്ടിരുന്നു. കൊൽകത്തയിലെ ഹൗറ പാലത്തിന് സമീപം സ്ഥിതിചെയ്യുന്ന സെക്രട്ടറിയേറ്റ് ലക്ഷ്യമാക്കിയായിരുന്നു ബി.ജെ.പി പ്രതിഷേധങ്ങൾ അരങ്ങേറിയത്. പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയതോടെ നിരവധി പൊലീസുകാർക്കും ബി.ജെ.പി പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.