ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് പദവിയുടെ പടിവാതിൽക്കൽ നിൽക്കുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമായി ബന്ധപ്പെട്ട് വൈറലായ കത്തിനെ അപലപിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ. ജസ്റ്റിസ് ചന്ദ്രചൂഡിൽ രാജ്യത്തിന് വിശ്വാസമുണ്ടെന്നും ചിലയാളുകൾ സ്ഥാപിത താൽപര്യങ്ങളോടെ അദ്ദേഹത്തെ അപമാനിക്കാനിറങ്ങിയിരിക്കുകയാണെന്നും ബാർ കൗൺസിൽ വ്യക്തമാക്കി.
ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ റാശിദ് ഖാൻ പഠാൻ എന്നയാൾ എഴുതിയ കത്ത് വൈറലായ സാഹചര്യത്തിലാണ് ബാർ കൗൺസിൽ രംഗത്തുവന്നത്. നിലവിലുള്ള ചീഫ് ജസ്റ്റിസിനോട് തന്റെ പിൻഗാമിയെ നിർദേശിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട നേരത്ത് 'സുപ്രീംകോർട്ട് ആൻഡ് ഹൈകോർട്ട് ലിറ്റിഗന്റ് അസോസിയേഷൻ' പ്രസിഡന്റ് എന്ന് അവകാശപ്പെട്ട് ആർ.കെ. പഠാൻ പുറത്തുവിട്ട കത്തിന്റെ സമയം ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ബാർ കൗൺസിൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ ആശങ്കയുളവാക്കുന്നതാണ്. ഏത് നിലക്കും ഇത് തടയണം. സമാനരീതിയിൽ നേരത്തെ ജസ്റ്റിസ് രോഹിൻടൺ ഫാലി നരിമാനെതിരെയും ജസ്റ്റിസ് വിനീത് സരണിനെതിരെയും കത്തെഴുതി കോടതിയലക്ഷ്യ നടപടി നേരിട്ട് മൂന്ന് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് പഠാൻ എന്ന് കൗൺസിൽ ആരോപിച്ചു.
തന്റെ അഭിഭാഷകനായ മകന്റെ കക്ഷികളെ സഹായിക്കാൻ ചില കേസുകളിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് കത്തിലെ പ്രധാന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.