'നല്ലകാലത്തും ചീത്തകാലത്തും കൂടെനിൽക്കുക, ഉദിച്ചുയരുന്ന സൂര്യനെ ആരാധിക്കരുത്' -നിതിൻ ഗഡ്ഗരി

നാഗ്പൂർ: ഉപയോഗിച്ച് വലിച്ചെറിഞ്ഞ് രസിക്കരുതെന്നും ആരുടേയെങ്കിലും കൂടെ നിന്നാൽ അവരുടെ നല്ലകാലത്തും ചീത്തകാലത്തും കൂടെയുണ്ടാവണമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി. പരാജയപ്പെടുമ്പോഴല്ല, പരിശ്രമം ഉപേക്ഷിക്കുമ്പോഴാണ് മനുഷ്യൻ യഥാർഥത്തിൽ തോൽക്കുന്നതെന്നും മുൻ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സണിന്റെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നാഗ്പൂരിൽ നടന്ന സംരംഭകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ആരും ഉപയോഗിച്ച് വലിച്ചെറിഞ്ഞ് രസിക്കരുത്. ഒരാളുടെ കൈപിടിച്ചാൽ നല്ല കാലമായാലും ചീത്തകാലമായാലും എപ്പോഴും അത് മുറുകെ പിടിക്കുക. ഉദിച്ചുയരുന്ന സൂര്യനെ ആരാധിക്കരുത്.'-നിതിൻ ഗഡ്ഗരി പറഞ്ഞു. ബിസിനസിലോ സാമൂഹിക പ്രവർത്തനത്തിലോ രാഷ്ട്രീയത്തിലോ ഏർപ്പെട്ട ഏതൊരാൾക്കും മനുഷ്യബന്ധങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

കൂടാതെ തന്‍റെ ആദ്യ രാഷ്ട്രീയ കാലഘട്ടത്തെക്കുറിച്ച് സംസാരിച്ച ഗഡ്ഗരി വിദ്യാർഥി നേതാവ് ആയിരുന്നപ്പോൾ കോൺഗ്രസ് നേതാവ് ശ്രീകാന്ത് ജിച്ച്‌കർ നല്ല ഭാവിക്കായി കോൺഗ്രസിൽ ചേരാൻ തന്നോട് ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. താൻ കിണറ്റിൽ ചാടി മരിക്കും, പക്ഷെ കോൺഗ്രസിൽ ചേരില്ല. കാരണം കോൺഗ്രസ് പാർട്ടിയുടെ ആശയങ്ങളോട് തിനിക്ക് യോജിപ്പില്ലെന്ന് അദ്ദേഹത്തിന് മറുപടി നൽകിയതായും ഗഡ്ഗരി കൂട്ടിച്ചേർത്തു. യുവസംരംഭകരോട് തങ്ങളുടെ അഭിലാഷങ്ങൾ ഒരിക്കലും കൈവിടരുതെന്നും അദ്ദേഹം നിർദേശിച്ചു.

നേരത്തെ, ബി.ജെ.പിയുടെ പാർലിമെന്‍ററി ബോർഡിൽ നിന്ന് നിതിൻ ഗഡ്ഗരിയെ ഒഴിവാക്കിയിരുന്നു. ഇതിനുപിന്നാലെ സർക്കാർ ശരിയായ സമയത്ത് തീരുമാനങ്ങളെടുക്കാത്തതാണ് പലപ്പോഴും പ്രശ്നങ്ങൾക്ക് കാരണമെന്ന പരാമർശവുമായി ഗഡ്ഗരി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Be it good days or bad days, once you hold anyone's hand, always hold on to it says Nitin Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.