ന്യൂഡൽഹി: കേന്ദ്ര റോഡ് ഗതാഗത സഹമന്ത്രി വി.കെ. സിങിന്‍റെ ഒരു ട്വീറ്റ് ആയിരുന്നു ഞായറാഴ്ച സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. 'സഹോദരന് കോവിഡ് ചികിത്സക്കായി ആശുപത്രി കിടക്ക വേണമെന്നായിരുന്നു അത്. കോവിഡ് ചികിത്സക്കായി സൗകര്യം ലഭ്യമല്ലാതെ കേന്ദ്രമന്ത്രിയുടെ ബന്ധു പോലും ബുദ്ധിമുട്ടുന്നു എന്ന തരത്തിലുള്ള ചർച്ചകൾക്കാണ് ഇത് വഴിതെളിച്ചത്. രാജ്യത്തിന്‍റെ ആരോഗ്യ മേഖലയുടെ ദുരവസ്ഥയുടെ പ്രതീകമായി കേന്ദ്രമന്ത്രിയുടെ പോസ്റ്റിനെ നെറ്റിസൺസ് എടുത്തുകാട്ടി.
വിവാദമായതോടെ മന്ത്രി ട്വീറ്റ് നീക്കി. താനുമായി ബന്ധമുള്ള വ്യക്തിക്ക് വേണ്ടിയല്ല സഹായം അഭ്യര്‍ഥിച്ചതെന്ന് വിശദീകരിച്ച് വി.കെ. സിങ് വേറെ പോസ്റ്റിട്ടു. സഹായം ആവശ്യമുള്ളയാള്‍ തന്‍റെ സഹോദരനല്ലെന്നും മറിച്ച് മനുഷ്യത്വത്തിന്‍റെ പേരിലുള്ള ബന്ധമാണെന്നും ആയിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം.
സ്വന്തം മണ്ഡലമായ ഗാസിയാബാദിലെ കോവിഡ് ബാധിതനായ വ്യക്തിക്ക് വേണ്ടിയാണ് കേന്ദ്രമന്ത്രി സഹായം തേടിയത്. കോവിഡ് സ്ഥിരീകരിച്ചയാൾക്ക് ഗാസിയാബാദിലെ ഒരു ആശുപത്രിയിലും കിടക്ക ലഭിക്കാതെ വന്നതോടെയായിരുന്നു ഇത്. "സഹായിക്കൂ, എന്‍റെ 'സഹോദരന്' കോവിഡ് ചികിത്സയ്ക്കായി ഒരു ആശുപത്രി കിടക്ക ആവശ്യമാണ്. ഗാസിയാബാദില്‍ ഇപ്പോള്‍ കിടക്കകള്‍ ലഭ്യമല്ല" എന്നാണ് ജില്ലാ കലക്ടറെ ടാഗ്ചെയ്തു മന്ത്രി ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.