പ്രൈമറി ക്ലാസുകളിൽ ബി.എഡുകാർ വേണ്ട: വിലക്ക് ആവർത്തിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ബി.എഡുകാർ പ്രൈമറി ക്ലാസ് അധ്യാപകരാകുന്നത് വിലക്കിയ 2023 ആഗസ്റ്റ് 11ലെ വിധി ആവർത്തിച്ച് സുപ്രീംകോടതി. മധ്യപ്രദേശിലെ കേസിൽ പുറപ്പെടുവിച്ച വിധി അന്നുമുതലുള്ള നിയമനങ്ങളുടെ കാര്യത്തിൽ രാജ്യമൊട്ടുക്കും ബാധകമാകുമെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസെ അധ്യക്ഷനായ ബെഞ്ച് വ്യക്തത വരുത്തി. വിജ്ഞാപനത്തിൽ ബി.എഡ് യോഗ്യതയായി സ്ഥിരനിയമനം നേടിയ പ്രൈമറി അധ്യാപകർക്ക് വിധിയിൽനിന്ന് സംരക്ഷണം ലഭിക്കും. വിധി അവരുടെ സർവിസിനെ ബാധിക്കില്ലെന്നും ബെഞ്ച് തുടർന്നു.

വിധിയിൽ വ്യക്തത ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി. ബി.എഡ് ബിരുദധാരികൾ പ്രൈമറി ക്ലാസുകളിൽ പഠിപ്പിക്കാനാവശ്യമായ ബോധനവിദ്യ ആർജിക്കാത്തതുമൂലം പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയത്. 14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനുള്ള ഭരണഘടനപരമായ അവകാശം മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുകൂടിയുള്ളതാണെന്ന് വ്യക്തമാക്കിയായിരുന്നു വിധി.

2023ലെ വിധിക്ക് മുമ്പ് പ്രൈമറി സ്കൂൾ അധ്യാപകരായി നിയമനം നേടിയവർക്ക് പ്രൈമറി വിദ്യാർഥികളുടെ ബോധനവിദ്യയിൽ എലമെന്ററി എജുക്കേഷൻ ഡിപ്ലോമക്കാർ നേടിയതുപോലുള്ള പരിശീലനത്തിന് ബ്രിഡ്ജ് കോഴ്സുകളുണ്ടോ എന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആരാഞ്ഞിരുന്നു. 2023-24, 2024-25 അധ്യയന വർഷം രാജ്യത്ത് എത്ര പ്രൈമറി അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും സുപ്രീംകോടതി ചോദിച്ചു.

പ്രൈമറി തസ്തികകളിലെ ഒഴിവുകൾ ബി.എഡുകാർക്ക് നൽകിയാൽ തങ്ങളുടെ അവസരം നിഷേധിക്കപ്പെടുമെന്ന് എലമെന്ററി എജുക്കേഷൻ ഡിപ്ലോമക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ബോധിപ്പിച്ചു. അതിനാൽ ഓരോ സംസ്ഥാനങ്ങളെയും വേർതിരിച്ച് ഹരജിയിൽ വിശദവാദം കേൾക്കണമെന്നും സിബൽ ആവശ്യപ്പെട്ടു.

Tags:    
News Summary - B.Ed. Graduates Ineligible For Post Of Primary School Teachers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.