ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബൗൺസറെ പോലെയാണ് പെരുമാറുന്നതെന്ന് ബി.ജെ.പി എം.പി പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയിലെ ബാലസോറിൽ നിന്നുള്ള എം.പിയാണ് സാരംഗി. എ.ബി വാജ്പേയിയെ പോലുള്ള പ്രഗൽഭരായ വ്യക്തികൾ വഹിച്ച പദവിയാണ് രാഹുൽ ഇപ്പോൾ വഹിക്കുന്നതെന്നും സാരംഗി പറഞ്ഞു.
പാർലമെന്റിൽ ഡിസംബർ 19ന് ഉണ്ടായ സംഘർഷത്തിനിടെ പരിക്കേറ്റ എം.പിമാരിൽ ഒരാളായിരുന്നു പ്രതാപ് സാരംഗി. തന്റെ ആരോഗ്യം സംബന്ധിച്ചും സാരംഗി പ്രതികരണം നടത്തി. തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡിസംബർ 28ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിലേക്ക് കടക്കുന്ന ഗേറ്റിന് മുന്നിൽ അംബേദ്കറെ അപമാനിച്ചതിൽ പ്രതിഷേധിക്കുന്നതിനിടെ രാഹുൽ ഗാന്ധി അവിടേക്ക് കടന്നു വരികയായിരുന്നു.
രാഹുലിനൊപ്പമുണ്ടായിരുന്ന ചില പാർട്ടി പ്രവർത്തകർ തങ്ങളെ തള്ളിമാറ്റാൻ ആരംഭിച്ചുവെന്ന് പ്രതാപ് സാരംഗി ആരോപിച്ചു. ഒരു ബൗൺസറെ പോലെയാണ് രാഹുൽ പെരുമാറിയത്. ലോക്സഭ പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി മുകേഷ് രജ്പുത്ത് എം.പിയെ പിടിച്ചു തള്ളി. രാജ്പുത്ത് എന്റെ ദേഹത്തേക്ക് വീണു. ഇതിനിടെ എന്റെ തല കല്ലിൽ ചെന്ന് ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.