ന്യൂഡൽഹി: നീറ്റ് -യു.ജി പരീക്ഷ ക്രമക്കേട് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളെ തുടർന്ന് ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ)യുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രൂപവത്കരിച്ച ഏഴംഗ വിദഗ്ധ സമിതിയുടെ ശിപാർശയിൽ തിരുത്തൽ നടപടികൾ സീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നും കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ആറുമാസത്തിനകം ഇക്കാര്യം കോടതിക്ക് പരിശോധിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് യു.ജി, യു.ജി.സി ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ദേശീയ പരീക്ഷകളുടെ സുതാര്യവും സുഗമവുമായ നടത്തിപ്പ് ഉറപ്പാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല സമിതി രൂപവത്കരിച്ചത്.
നീറ്റ് യു.ജി ഓൺലൈനായി നടത്തണം, അപേക്ഷിക്കാനുള്ള അവസരങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം, എൻ.ടി.എയിൽ കൂടുതൽ സ്ഥിരം ജീവനക്കാരെ നിയമിക്കണം, എൻ.ടി.എ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിന് പകരം കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെ സ്വന്തം സംവിധാനങ്ങൾ വികസിപ്പിക്കണം തുടങ്ങിയവയാണ് സമിതി സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.
എയിംസ് മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, ഹൈദരാബാദ് സർവകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. ബി.ജെ. റാവു, ഐ.ഐ.ടി മദ്രാസിലെ അധ്യാപകനായിരുന്ന കെ. രാമമൂര്‍ത്തി, പീപ്പിള്‍ സ്ട്രോങ് സഹസ്ഥാപകനും കര്‍മയോഗി ഭാരത് ബോര്‍ഡ് അംഗവുമായ പങ്കജ് ബന്‍സാല്‍, ഡല്‍ഹി ഐ.ഐ.ടി ഡീന്‍ ആദിത്യ മിത്തല്‍ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.