കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഹൗറ, ഹൂഗ്ലി, കൂച്ച് ബിഹാർ, സൗത്ത് 24 പർഗാന അടക്കം ജില്ലകൾ ഉൾപ്പെടുന്ന സിംഗൂർ, സോനാപൂർ ഉൾപ്പെടെ 44 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഹൗറയിലെ നാലും ഹൂഗ്ലിയിലെ 10ഉം സൗത്ത് 24 പർഗാനയിലെ 11ഉം അലിപൂർ ദ്വൗറിലെ അഞ്ചു കൂച്ച് ബിഹാറിലെ ഒമ്പതും മണ്ഡലങ്ങൾ നാലാം ഘട്ടത്തിൽ ഉൾപ്പെടും. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ, അരൂപ് ബിശ്വാസ്, നടി പായൽ സർക്കാർ, രത്ന ചാറ്റർജി, ലോക്കറ്റ് ചാറ്റർജി അടക്കം ബി.ജെ.പി, തൃണമൂൽ കോൺഗ്രസ്, സി.പി.എം പ്രമുഖരാണ് ജനവിധി തേടുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44ൽ 39 മണ്ഡലങ്ങളിൽ വിജയിച്ചത് തൃണമൂൽ കോൺഗ്രസായിരുന്നു. മൂന്നിടത്ത് സി.പി.എമ്മും ഒരിടത്ത് ബി.ജെ.പിയും വിജയിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ ബി.ജെ.പി ലീഡ് ചെയ്തിരുന്നു.
വോട്ടെടപ്പ് ആരംഭിക്കുന്നതിന് മുമ്പ് കൂച്ച് ബിഹാറിലും അലിപൂർ ദ്വാറിലുമാണ് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹൗറയിലും നേരിയ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 789 കമ്പനി കേന്ദ്രസേനയെ ബംഗാളിൽ വിന്യസിച്ചിട്ടുണ്ട്.
അഞ്ചാംഘട്ടം ഏപ്രിൽ 17നും ആറാംഘട്ടം ഏപ്രിൽ 22നും ഏഴാംഘട്ടം ഏപ്രിൽ 26നും എട്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.