കൊൽക്കത്ത: പശ്ചിമ ബംഗാൾ സി.പി.എം സെക്രട്ടറി മുഹമ്മദ് സലിമിനെതിരെ കേസെടുത്തു. തൃണമൂൽ നേതാവ് താജിമുൽ ഹഖ് ഒരു യുവതിയെ ജനക്കൂട്ടം നോക്കിനിൽക്കെ ക്രൂരമായി മർദിച്ച സംഭവത്തിന്‍റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് കേസ്. മർദനമേറ്റ യുവതിതന്നെയാണ് മുഹമ്മദ് സലിമിനെതിരായ പരാതിക്കാരി. ഇതേ കുറ്റത്തിന് ബി.ജെ.പി നേതാവ് അമിത് മാളവ്യക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ ചോപ്രയിലാണ് തൃണമൂൽ പ്രാദേശിക നേതാവ് താജിമുൽ ഹഖ് യുവതിയെയും യുവാവിനെയും പരസ്യവിചാരണ ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. ജൂൺ 28നായിരുന്നു സംഭവം. വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതോടെ, പൊലീസ് സ്വമേധയാ കേസെടുക്കുകയാണുണ്ടായത്. പ്രതി ഹഖിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നൽകി വിട്ടയച്ചു.
ഹഖിനെതിരെ പരാതി നൽകാതിരുന്ന യുവതി, വിഡിയോ പ്രചരിപ്പിച്ചതിന് മുഹമ്മദ് സലിമിനെതിരെ പരാതിപ്പെടുകയായിരുന്നു. മമത ബാനർജിയുടെ നിർദേശ പ്രകാരമാണ് പൊലീസ് പ്രവർത്തിക്കുന്നതെന്നും, തനിക്കെതിരെ പരാതി നൽകാൻ പൊലീസ് യുവതിയെ നിർബന്ധിക്കുകയായിരുന്നെന്നും സലിം പ്രതികരിച്ചു. ബംഗാളിലെ രാഷ്ട്രീയ ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചതിനാണ് തനിക്കെതിരെ കേസ്.
ആർ.എസ്.എസിന്‍റെ രീതിയാണ് ബംഗാളിൽ തൃണമൂൽ പിന്തുടരുന്നതെന്ന് മുഹമ്മദ് സലിം ആരോപിച്ചു. ഗുജറാത്ത് കലാപകാലത്ത് മോദിയും അമിത് ഷായും പ്രയോഗിച്ച രീതിയാണിത്. വെസ്റ്റ് ബേക്കറി കേസിൽ ഇരകളായ യാസ്മീൻ ബാനു ശൈഖും സഹീറ ശൈഖും തീസ്റ്റ സെതൽവാദിനെതിരെ കേസ് കൊടുക്കാൻ നിർബന്ധിക്കപ്പെട്ടതാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂലൈ ഒന്നിനാണ് യുവതി പരാതി നല്‍കിയതെന്നും അന്ന് തന്നെ കേസെടുത്തെന്നും പൊലീസ് പറയുന്നു. താനറിയാതെ തന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിലൂടെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.