ജയ്പൂർ: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തനിക്ക് പെങ്ങളെപ്പോലെയാണെന്ന് ഗവർണർ ജഗ്ദീപ് ധൻകർ. മമതയുമായി പല ഘട്ടത്തിലും ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ടെന്നും അപ്പോഴൊക്കെ താൻ ഭരണഘടന പരിധിക്കപ്പുറം ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ജനാധിപത്യത്തിന്റെ പുരോഗതിയിൽ ഗവർണർമാരുടെയും എം.എൽ.എമാരുടെയും പങ്ക്' എന്ന വിഷയത്തിൽ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷൻ രാജസ്ഥാൻ ഘടകം സംഘടിപ്പിച്ച സെമിനാറിലാണ് ധൻകറുടെ പരാമർശം. 'ജനങ്ങൾക്ക് ചിലപ്പോൾ അറിയില്ല, ഞാനും മമതയും തമ്മിലുള്ള ബന്ധം. അത് ആഴത്തിലുള്ളതും സഹോദരങ്ങളെ പോലുള്ളതുമാണ്. ഞങ്ങളുടെ സംവാദങ്ങൾ ഇനിയും തുടരും' - ജഗ്ദീപ് ധൻകർ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ രണ്ടുമണിക്ക് പശ്ചിമ ബംഗാൾ നിയമസഭ ചേരുന്നത് സംബന്ധിച്ചുണ്ടായ വിവാദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ.
പുതിയ മന്ത്രിസഭ നിർദേശത്തിനുശേഷം സമയം ഉച്ചക്ക് രണ്ടു മണിയിലേക്ക് മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഉച്ചക്ക് രണ്ടുമണി എന്നത് പുലർച്ചെ രണ്ടുമണി എന്ന് അച്ചടി പിശക് സംഭവിച്ചതായിരുന്നുവെന്നും അത് തിരിച്ചറിയാതെ മന്ത്രിസഭയുടെ നിർദേശം എന്ന നിലയിൽ പുലർച്ചക്ക് നിയമസഭ വിളിക്കുകയായിരുന്നുവെന്നും പിന്നീട് വ്യക്തമാവുകയുണ്ടായി.
ചിലപ്പോൾ അജ്ഞത കൊണ്ട് സംഘർഷങ്ങൾ ഉണ്ടാകാമെന്നും ചിലർ ഇരുട്ടിൽ നിന്ന് കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗവർണർ സർക്കാറിന്റെ വഴികാട്ടിയും ഉപദേശകനുമാണെന്നും മുഖ്യമന്ത്രി എന്നത് ജനങ്ങൾ തെരഞ്ഞെടുത്ത മഹത്തായ പദവിയാണെന്നും ധൻകർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.